അമ്മ ഇനിയില്ല; ഉള്ളുലഞ്ഞ് രഞ്ജിതയുടെ മക്കള്‍, സങ്കടം താങ്ങാനാവാതെ അമ്മ..

അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ആര്‍. നായരുടെ (40) മരണത്തില്‍ ഉള്ളുലഞ്ഞ് മക്കളും അമ്മയും. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത യുകെയിൽ ജോലിക്കായി യാത്രതിരിക്കുമ്പോഴാണ് വിധി അവരെ കവര്‍ന്നെടുത്തത്.
പത്താംക്ലാസിലും ഏഴാംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് രഞ്ജിതയ്ക്കുള്ളത്. സന്തോഷത്തോടെ അവരോട് യാത്ര പറഞ്ഞിറങ്ങിയ അമ്മ ഇനി തിരികെ വരില്ലെന്ന വിവരം അവര്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. വിമാനദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരുടെ കൂട്ടത്തില്‍ രഞ്ജിത ഉണ്ടാവുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമാണ് കുടുംബമൊന്നാകെ ഉറച്ചു വിശ്വസിച്ചിരുന്നത്.
രഞ്ജിതയുടെ പുതിയ വീടിന്‍റെ നിര്‍മാണം ഏറെക്കുറേ പൂര്‍ത്തിയായിരുന്നു. വീടുപണി പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ മക്കള്‍ക്കൊപ്പം സ്ഥിരതാമസമാക്കാനായിരുന്നു അവരുടെ ആഗ്രഹം. അപ്പോഴാണ് വിധി രഞ്ജിതയെ കവര്‍ന്നെടുത്തത്. കൊച്ചിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് അവർ പോയത്.