ആകാശദുരന്തം: മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും

അഹമ്മദാബാദ് വിമാന അപകടത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്തരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.38 ഓടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യ AI 171 വിമാനം ടേക്ക് ഓഫിനിടെ അപകടത്തില്‍പ്പെട്ടത്.
2016 മുതല്‍ 2021 വരെ ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു രൂപാണി. ഇദ്ദേഹം ഉള്‍പ്പെടെ 242 യാത്രക്കാരെയും വഹിച്ചാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറയുന്നയര്‍ന്നത്. ടേക്ക് ഓഫിന് അഞ്ച് മിനുട്ടിന് പിന്നാലെ വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറില്‍ തകര്‍ന്നു വീഴുകയായിരുന്നു.
അതേസമയം വിമാനപകടത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണി. നേരത്തെ 1965ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ത് റായ് മെഹ്ത്ത സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് മെഹ്ത്തയും, ഭാര്യ സരോജബെന്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍, രണ്ട് ക്രൂ മെമ്പര്‍മാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ-പാക് യുദ്ധം നടന്നിരുന്ന സമയമായതിനാല്‍ പാകിസ്താന്‍ എയര്‍ ഫോഴ്‌സ് വിമാനത്തിന് നേരെ ഏകപക്ഷീയമായി വെടിയുതിര്‍ക്കുകയായിരുന്നു. റാണ്‍ ഓഫ് കച്ചിന് സമീപമാണ് അന്ന് വിമാനം തകര്‍ന്ന് വീണത്.