ചൊക്ലിയിൽ പഞ്ചായത്ത് യോഗത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

Screenshot
ചൊക്ലി: പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മേപ്പയൂർ സ്വദേശി ദീപലേഖ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ യോഗത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് ഇവർക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. നേരത്തെ ചൊക്ലി പഞ്ചായത്തിൽ നിന്നും ഇവരെ മട്ടന്നൂർ നഗരസഭയിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് റദ്ദാക്കി ദീപലേഖയെ പിണറായി പഞ്ചായത്തിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. ഇന്നലെയാണ് ഈ ട്രാൻസ്ഫർ ഉത്തരവ് ഇവർ കൈപ്പറ്റിയത്. രാവിലെ യോഗത്തിനെത്തിയപ്പോൾ സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച് സഹപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.







