November 1, 2025

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

9b7529a7-94d8-4047-a01e-cb9948f698a6.jpg

കണ്ണൂർ: ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു. 1978 അർജന്റീന ബ്യൂണസ് അയേഴ്‌സിൽ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന്ത്യൻ ഗോൾ വലയം കാത്തത്.

കായികരംഗത്തെ സംഭാവനകൾക്കു രാജ്യം 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി ആദരിച്ചു. ഏഴു വർഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. 16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും തുടങ്ങിയ മാനുവൽ കണ്ണൂർ ബിഇഎം സ്കൂ‌ളിലെ ഫുട്ബോൾ ടീമിൽനിന്ന് സെന്റ് മൈക്കിൾസ് സ്‌കൂൾ ടീം വഴി ഹോക്കിയിൽ സജീവമായി. 17-ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു. 1971ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം. ബെംഗളൂരു ആർമി സർവീസ് കോറിൽനിന്നു വിരമിച്ചു.

ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന പ്രവീൺ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ (ബെംഗളുരു), ടിനു തോമസ് (മുംബൈ). സഹോദരങ്ങൾ: മേരി ജോൺ, സ്റ്റ‌ീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger