September 17, 2025

കടലിൽകാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

img_7551.jpg

പയ്യന്നൂര്‍: രാമന്തളിപാലക്കോട് മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിൽതോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസമായ ചൊവ്വാഴ്ച രാവിലെ വളപട്ടണത്ത്കടലിലാണ് കണ്ടെത്തിയത്.കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാലക്കോട് പുഴയിലുണ്ടായ അപകടത്തില്‍ കാണാതായപയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി നെടുവിളപടിഞ്ഞാറ്റതില്‍ അബ്രഹാമിന്റെ(49) മൃതദേഹം കണ്ടെത്തിയത്.

ഇന്നുരാവിലെ വളപട്ടണത്തുനിന്നും നാല് കിലോമീറ്ററോളം അകലെ ആഴക്കടലിൽ നോര്‍ത്ത് 54-ലാണ് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലെത്തിക്കുകയായിരുന്നു. പുതിയങ്ങാടി ഭാഗത്ത് തെരച്ചില്‍ നടത്തുന്നതിനിടയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളപട്ടണത്തെത്തിയവരാണ് മൃതദേഹംകാണാതായ എബ്രഹാമിൻ്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. അഴീക്കൽ കോസ്റ്റൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും

അബ്രഹാമും സമീപവാസി വര്‍ഗീസും മീന്‍ പിടിക്കാനായി പാലക്കോട് പുഴയിലിട്ട വല വലിക്കുന്നതിനിടയിലാണ് ശനിയാഴ്ച പുലർച്ചെ ശക്തമായ കാറ്റില്‍പ്പെട്ട് തോണി മറിഞ്ഞ് അപകടമുണ്ടായത്. അതിനിടയില്‍ മറിഞ്ഞ തോണിയില്‍ പിടിച്ച് കിടക്കുന്നതിനിടയില്‍ ശക്തമായ ഒഴുക്ക് ഇവരെ കടലിലേക്കെത്തിക്കുകയായിരുന്നു. അപകടത്തില്‍നിന്നും നീന്തി രക്ഷപ്പെട്ട വര്‍ഗീസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് തീരദേശസേനയും ലൈഫ് ഗാർഡും ഫയർഫോഴ്സും കരയിലും കടലിലുമായി തെരച്ചിലാരംഭിച്ചത്. സഹോദരന്‍ ഷാജിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തിയിരുന്നു. പരേതനായ വര്‍ഗീസിന്റേയും അല്‍ഫോണ്‍സയുടേയും മകനാണ് അബ്രഹാം. ഭാര്യ: ജാന്‍സി. മക്കള്‍: ആരോണ്‍(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി),അയോണ, അലീന(വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഫ്രാന്‍സിസ് (കാഞ്ഞങ്ങാട്), ഷാജി(ഇറ്റലി), ഷൈനി, സലിന്‍(ഇറ്റലി).

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger