September 17, 2025

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ, ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു, മഴ ശക്തമായതിനാലെന്ന് അധികൃതർ

img_6829-1.jpg

ദില്ലി : അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ. ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ബഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാൽ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറന്നുവിട്ടത്. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളവും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച്  രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഷട്ടറുകൾ തുറന്നതോടെ പാകിസ്താനിൽ ചെനാബ്‌ നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ട്.

പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജലകരാർ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. ചെനാബും ഉടമ്പടിയുടെ ഭാഗമാണ്.  പാകിസ്താനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം ഇന്ത്യ നിയന്ത്രിച്ചിരുന്നു.  മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നതിനാൽ പാകിസ്ഥാൻ പ്രളയഭീതിയിലാണ്. 

പാകിസ്ഥാൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ

ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമാക്കി രാത്രിയിൽ പാകിസ്ഥാൻ നടത്തിയ  ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. 4 പോർവിമാനങ്ങൾ വെടിവച്ചിട്ടു. രണ്ട് പാക് പൈലറ്റുമാർ കസ്റ്റഡിയിലുണ്ട്.പാകിസ്ഥാന്റെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദിലും കറാച്ചിയിലും സിയാൽകോട്ടിലും ആക്രമണം നടത്തി.

ഇന്നലെ രാത്രി മുതൽ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറൻ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില്‍ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്‍ത്തുകൊണ്ട് ശക്തമായ മറുപടിയാണ് നൽകിയത്.ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി. 

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger