ടി.കെ.അഷ്‌റഫിന്റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരേ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.
മൂന്ന് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിൻറെ പിറ്റേന്ന് തന്നെ സസ്പെൻഡ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് അഷ്റഫ് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ഡി കെ സിങ്ങിൻ്റേതാണ് ഉത്തരവ്.
മറുപടിക്ക് സമയം നൽകിയില്ലെന്നത് കണക്കിലെടുത്താണ് സസ്പെൻഷൻ റദ്ദാക്കിയത്. നടപടി സ്കൂൾ മാനേജർ പുന:പരിശോധിക്കണം എന്നും നോട്ടീസിന് ഹർജിക്കാരൻ നൽകിയ മറുപടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
എടത്തനാട്ടുകര പികെഎം യുപി സ്കൂൾ അധ്യാപകനാണ് അഷ്റഫ്. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നൽകിയിരുന്നു.
സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുണ്ടായിരുന്ന പരാമര്‍ശം.