കാസര്‍കോട് ദുരിത പെയ്‌ത്ത്; റോഡും, കാറും, ബൈക്കും ഒലിച്ചു പോയി; നിരവധി വീടുകളില്‍ വെള്ളം കയറി –
കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്‌ടം. മഞ്ചേശ്വരത്ത് പൊടുന്നനെ റോഡ് ഒലിച്ചുപോയി. മജ്‌വെയിൽ മുകുളി റോഡാണ് ഇടിഞ്ഞ് വീണത്. ഇതിനെ തുടര്‍ന്ന്, റോഡിൽ നിർത്തിയിട്ട കാറും, ബൈക്കും ഒലിച്ചു പോയി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി.
പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് എന്നീ മേഖലകൾ വെള്ളത്തിനടിയിലാണ്.നിരവധി വീടുകളിലും മസ്‌ജിദുകളിലും വെള്ളം കയറി. യേരിയാലിൽ അഗ്നിരക്ഷാസേനയെത്തി കുടുംബങ്ങളെ ഒഴിപ്പിച്ചു. 15 വീടുകളിൽ വെള്ളം കയറി. അംഗഡി മുഗറിൽ സംസ്ഥാന പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൊഗ്രാലിലും, ഉപ്പളയിലും വീടുകളിൽ വെള്ളം കയറി. ഇതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് ഒഴിപ്പിക്കുകയാണ്.
ചെർക്കളയിലെ പാടശേഖരം നിറഞ്ഞ് കരയിലുള്ള 4 വീടുകളിൽ വെളളം കയറി. കാഞ്ഞങ്ങാട് കാസർഗോഡ് റോഡിൽ ചന്ദ്രഗിരിറോഡിൽ മണ്ണിടിച്ചൽ ഉണ്ടായി. വെള്ളിക്കോത്ത് – ചാലിങ്കാൽ റോഡിലെ വീണച്ചേരി ഇറക്കത്തിൽ നിർമാണം പൂർത്തിയായ രണ്ടു നില അപാർട്മെൻ്റിന്‍റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങൾ മുഴുവനായി ഇടിഞ്ഞ് തൊട്ടുതാഴത്തെ വീട്ടിലേക്ക് വീണു. വീണച്ചേരിയിലെ പൈനി ചന്ദ്രൻ നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റൻ മതിൽ തകർന്ന് വീണത്.
അപാർട്മെൻ്റിലെ കിണറിന് തൊട്ടടുത്ത് വരെയുള്ള ഇൻ്റർലോക്കും പൂർണമായും ഇളകി വീണിട്ടുണ്ട്. ചന്ദ്രൻ നായരുടെ കിടപ്പ് മുറികളിലെ മൂന്ന് ജനാലകൾ പൂർണമായും തകർന്നു, ജനൽ ചില്ലുകളും കല്ലും മണ്ണും മുറിയിലേക്ക് വീണു കിടക്കുകയാണ്. ശുചിമുറിയുടെ പൈപ്പ് ലൈനും പൂർണമായും തകർന്നു. അപാർട്മെൻ്റ് മുറ്റത്തെ വാട്ടർ ടാപ്പ് കോൺക്രീറ്റ് ഭാഗങ്ങൾ ഉൾപ്പെടെ ഇളകിയും ശുചി മുറി പൈപ്പ് ലൈൻ ഉൾപ്പെടെയുള്ളവ പൂർണമായും താഴേക്ക് വീണ് മണ്ണിൽ പുതഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്.
