വധശ്രമ കേസിൽ നാലുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്. യുവാക്കളെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ വാടക ക്വാർട്ടേഴ്‌സുകളിൽ താമസക്കാരായ റംഷീദ് എന്ന കിച്ചു, മുഹമ്മദ് ഷെഫീഖ്, മേർഷാൻ, ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് എന്നിവരെയാണ് ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്‌തത്. മടക്കര ഹാർബറിനു സമീപത്തെ വീട്ടിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിൽ ഷൈജു, അനിൽ കെ.ടി, സനീഷ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികൾക്കെതിരെ നേരത്തെയും കേസ് നിലവിലുണ്ട്. ഈ മാസം 26ന് വൈകുന്നേരം മൂന്നു മണിയോടെയാണ് കാഞ്ഞങ്ങാട് ടൗണിലെ ബാറിനു സമീപം മുൻ വിരോധം വെച്ച്പള്ളിക്കര, പൂച്ചക്കാട്ടെ പി. താജുദ്ദീൻ (27), അതിഥി തൊഴിലാളിയായ സോളമൻ ഖാൻ (20) എന്നിവരെ പ്രതികൾ വധിക്കാൻ ശ്രമിച്ചത്.
ഏഴു പേരടങ്ങുന്ന സംഘം മരവടിയും പഞ്ചുമായി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. താജുദ്ദീനെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് സോളമൻഖാനെ പഞ്ച് ഉപയോഗിച്ച് തലക്ക് കുത്തുകയും നിലത്തു വീണപ്പോൾ നെഞ്ചിൽ ചവിട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.