പിണറായി കാലത്ത് ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ :അബ്ദുൽ കരീം ചേലേരി
ടി.പി. വധകേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിൽ ഉൾപ്പെടെയുള്ള കൊടും ക്രമിനലുകൾ പോലീസുകാരുടെ ഒത്താശയോടുകൂടി മദ്യപിക്കുന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പിണറായി കാലത്ത് ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.
ജയിലിൽ ഫോൺ ചെയ്യുന്നതിനും അനധികൃതമായി പരോൾ അനുവദിക്കുന്നതിനും ഒത്താശ ചെയ്തു കൊടുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥ, ഭരണകൂട സംവിധാനത്തിൻ്റെ സഹായത്തോടെ തന്നെയാണ് അവർക്ക് മദ്യപിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തിരിക്കുന്നത്. കൊലക്കേസ് പ്രതികൾക്ക് വിലങ്ങുപോലും വെക്കാതെ സ്വൈര്യമായി വിഹരിക്കാൻ ആരാണ് സൗകര്യം ചെയ്തതെന്ന് സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. കൊടുംക്രിമിനലായ ഒരു കൈ മാത്രമുള്ള ഗോവിന്ദ ചാമി കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് മതിൽ ചാടിയ ഞെട്ടലിൻ്റെ അമ്പരപ്പ് മാറുന്നതിന് മുമ്പാണ് പുതിയ വാർത്ത.ഗോവിന്ദ ചാമിക്ക് ജയിലിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന സംശയം നില നിൽക്കുമ്പോഴാണ് ഈ സംഭവവും. കേവലം ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെയും പോലീസുകാരെയും സസ്പെൻ്റ് ചെയ്താൽ തീരുന്നതല്ല ഇത്. സിസ്റ്റത്തിൻ്റെ പിഴവാണെന്ന് പറഞ്ഞ് സമാധാനിക്കാവുന്നതുമല്ല. ഈ സിസ്റ്റം സർക്കാറിൻ്റെയും സി.പി.എ.മ്മിൻ്റെയും സൃഷ്ടി തന്നെയാണെന്ന് തിരിച്ചറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും ആവശ്യമില്ലെന്നും കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു
