ബേങ്കിലും പെട്രോൾ പമ്പിലും കവർച്ച കൗമാരക്കാരൻ പിടിയിൽ

ചന്തേര: ചെറുവത്തൂരിലെ പെട്രോൾ പമ്പിലും ഇസാഫ് ബേങ്കിലും കവർച്ച നടത്തിയ 17 കാരൻ പിടിയിൽ. ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ കടലോര മേഖലയിൽ താമസിക്കുന്ന നിരവധി മോഷണ കേസിൽ പ്രതിയായ കൗമാരക്കാരനെയാണ് ചന്തേര സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പ്രശാന്തും സംഘവും പിടികൂടിയത്.കഴിഞ്ഞ ജൂൺ 29ന് രാത്രിയിലാണ് ദേശീയ പാതയിൽ ചെറുവത്തൂരിലെ കെ എച്ച് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന് മൊബൈൽ ഫോണും, മേശയിൽ സൂക്ഷിച്ച 7000 രൂപയും കവർന്നത്. ബസ് സ്റ്റാൻ്റിന് സമീപത്തെ ഇസാഫ് ബേങ്കിൻ്റെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് കവർച്ചാ ശ്രമം നടത്തി നിരീക്ഷണ ക്യാമറ തകർക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലും മോഷണം നടത്തി. ഇവിടെ നിന്ന് മേശയിൽ സൂക്ഷിച്ച പണവും സാധനങ്ങളും കവർന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിൽ ഫോറൻസിക് സംഘത്തിന് ലഭിച്ച വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഹൊസ്ദുർഗ് ,അമ്പലത്തറ പോലീസ് സ്റ്റേഷനുകളിൽ 17 കാരനെതിരെ കേസ് നിലവിലുണ്ട്. പോലീസ് കോടതിയിൽ ഹാജരാക്കിയകൗമാരക്കാരനെ കോടതി രക്ഷിതാവിനൊപ്പം വിട്ടയച്ചു.