വിൽപ്പനക്കായി കാറിൽ സൂക്ഷിച്ച ക്യാരി ബാഗുകൾ പിടികൂടി

തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാ ഡ് പിണറായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, ഗാർബേജ് ബാഗുകൾ എന്നിവ പിടിച്ചെടുത്തു. പിണറായി ചെക്കിക്കുനി പാലത്തിന് സമീപമുള്ള കെല്ലൻ്റവിട മുസ്തഫയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL.13 U9088, KL59 H2172 എന്നീ വാഹനങ്ങളിൽ നിന്നാണ് അര ക്വിൻ്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ണൂർ ജില്ലാ എൻഫോഴ്സ്മെൻഡ് സ്ക്വാഡ് പിടിച്ചെടുത്തത്.പിണറായി, മുഴപ്പിലങ്ങാട്, തലശ്ശേരി ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി കടകളിൽ നേരിട്ട് നിരോധിത ക്യാരിബാഗുകൾ ആവശ്യാനുസരണം എത്തിക്കുന്ന വ്യക്തികളെ ഒരു മാസത്തിലേറെയായി സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു.കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ ഏജൻസികൾ ആണ് രഹസ്യമായി ഇത്തരക്കാർക്ക് നിരോധിത ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ എം സി എഫിലേക്ക് മാറ്റി.10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പിണറായി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി .എം ലെജിയുടെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.