കേന്ദ്രആഭ്യന്തര മന്ത്രിഅമിത്ഷാ ഇന്നെത്തും; ബിജെപി സംസ്ഥാ. കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, നേതൃസംഗമം നാളെ

ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി പത്തുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംസ്‌ഥാന ഓഫിസ് ഉദ്ഘാടനം. ഓഫിസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ഓഫിസിന് മുന്നിൽ വൃക്ഷത്തൈ നടും. തുടർന്ന് നാട മുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫിസ് ഉദ്ഘാടനം നിർവഹിക്കും.
ഓഫിസിന്റെ നടുത്തളത്തിൽ സ്‌ഥാപിച്ച മുൻ സംസ്‌ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ അർധകായ വെങ്കല പ്രതിമ ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്യും. തുടർന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമവും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ റവന്യു ജില്ലകളിലെ അയ്യായിരം വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിലെത്തുന്നത്. മറ്റു പത്ത് റവന്യു ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും അതതു പഞ്ചായത്ത് ഏരിയാ തലങ്ങളിൽ വെർച്വലായി തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമാകും. ഒന്നര ലക്ഷത്തോളം പേരാണ് വെർച്വലായി തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേത്യയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹിക്ക് മടങ്ങും.
അഞ്ച് നിലകളും 2 ഭുഗർഭ നിലകളും
5 നിലകളും 2 ഭൂഗർഭ നിലകളും ഉൾപ്പെടെ 60,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ബിജെപിയുടെ സംസ്‌ഥാന കമ്മിറ്റി ഓഫിസ് നിർമിച്ചിരിക്കുന്ന്. തമ്പാനൂർ അരിസ്‌റ്റോ ജംക്‌ഷനു സമീപമാണ് കേരളീയ വാസ്തുശിൽപ മാതൃകയിലുള്ള ഓഫിസ് കെട്ടിടം. തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാൻ കുളം. നടുമുറ്റത്തുതന്നെ മുൻ പ്രസിഡൻ്റ് കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമ. കെ.ജി.മാരാർ മന്ദിരമെന്നാണ് ഓഫിസിന്റെ പേര്.
ഗ്രൗണ്ട് നിലയിലാണ് സ്വീകരണ മുറി. ഇവിടെ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാധ്യായയുടെയും പ്രതിമകൾ. ഈ നിലയിൽത്തന്നെ ഹെൽപ് ഡെസ്‌ക് ഉണ്ട്. ഇവിടെയാണ് പത്രസമ്മേളന ഹാളും. ഒന്നാം നിലയിലാണ് പ്രസിഡന്റിന്റെ ഓഫിസ്. യുവമോർച്ച, മഹിളാ മോർച്ച, പട്ടികജാതി മോർച്ച തുടങ്ങി പോഷക സംഘടനകൾക്കുള്ള ഓഫിസ് രണ്ടാം നിലയിൽ. മൂന്നാം നിലയിലാണ് സംസ്‌ഥാന ജനറൽ സെക്രട്ടറിമാരുടെ മുറികൾ. നാലാം നിലയിൽ നേതാക്കൾക്ക് താമസിക്കാനുള്ള 15 മുറികൾ. ഇപ്പോൾ തൈക്കാട് പ്രവർത്തിക്കുന്ന സംസ്‌ഥാന കമ്മിറ്റി ഓഫിസ് ബിജെപി സമൂഹമാധ്യമ സംഘത്തിൻ്റെ വാർ റൂം ആയി മാറ്റും.