വിധി പ്രസ്താവം പത്തിന് : സഹോദരിയെ വെട്ടിക്കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ

തലശ്ശേരി: സഹോദരിയെ വെട്ടിക്കൊന്ന കേസിൽ സഹോദരന്മാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് 10ന് കേസിൽ വിധി പറയും. സഹോദരങ്ങളായ ഉളിയിൽ പുതിയ പുരയിൽ കെ.വി ഇസ്മയിൽ (38), പുതിയപുരയിൽ ഫിറോസ് (34) എന്നിവരാണ് പ്രതികൾ. പടിക്കച്ചാലിലെ ഷഹത മൻസിലിൽ ഖദീജ (28) ആണ് കൊല്ലപ്പെട്ടത്. ഖദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസും പ്രതികൾക്കെതിരെയുണ്ട്.
2012 ഡിസംബർ 12ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവം. പഴശ്ശി കുഴിക്കലിലെ ജസീല മൻസിലിൽ കെ.നൗഷാദാണ് ഖദീജയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ രണ്ട് പെൺ മക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുൽ ഹമീദുമായി യുവതി സ്‌നേഹത്തിലായത്.ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാതെ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി. ഖദീജയെയും ഷാഹുൽ ഹമീദിനെയും നാട്ടിൽ എത്തിച്ചശേഷമാണ് കൊലയും കൊലപാതക ശ്രമവും നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ കെ.രൂപേഷ് ഹാജരായി.