മലിനജലം ഓവുചാലിലേക്ക് ഒഴുക്കി; റസ്റ്റോറൻ്റ് താൽക്കാലികമായി അടച്ചു പൂട്ടാൻ നിർദേശം

ന്യൂ മാഹി: മലിനജലം ഓവുചാലിലേക്ക് ഒഴുക്കിയതിന് പെരിങ്ങാടിയിൽ പ്രവർത്തിക്കുന്ന “ഗ്രിൽ ആൻഡ് ചിൽ” റസ്റ്റോറന്റിനെതിരെ കർശന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെൻറ് സ്ക്വാഡ്. സ്ഥാപനത്തെ താൽക്കാലികമായി അടച്ചു പൂട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ന്യൂ മാഹി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.
രാത്രികാലങ്ങളിൽ മോട്ടോർ ഉപയോഗിച്ച് പൈപ്പിലൂടെ മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നു എന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിലാണ് കർശന നടപടി. നേരത്തെ, ഇതേ കുറ്റത്തിനായി ഗ്രാമപഞ്ചായത്ത് അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ, പിഴ ചുമത്തിയ ശേഷവും വീണ്ടുമാണ് വെള്ളം ഒഴുക്കിയത് എന്ന് സ്ക്വാഡ് സ്ഥിരീകരിച്ചു.
മലിനജലം ശുദ്ധീകരിക്കാനുള്ള പര്യാപ്ത സംവിധാനങ്ങൾ സ്ഥാപിച്ച ശേഷം മാത്രമേ റസ്റ്റോറന്റ് വീണ്ടും പ്രവർത്തിക്കുവാൻ അനുവദിക്കൂ എന്നും സ്ക്വാഡ് നിർദേശിച്ചു.
പരിശോധനയിൽ എൻഫോഴ്‌സ്‌മെൻറ് ടീം ലീഡർ സജിത കെ, അജയകുമാർ കെ.ആർ, ശരീകുൽ അൻസാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ എം, സുജേഷ് എന്നിവരും പങ്കെടുത്തു.