July 9, 2025

മന്ത്രിസഭാ വാർഷികാഘോഷം; കൂത്തുപറമ്പ് മണ്ഡലത്തിൽ അനുബന്ധ പരിപാടികൾ നടത്തും

cropped-img_0300-1.jpg

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി മെയ് എട്ട് മുതൽ 14 വരെ കണ്ണൂരിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ അനുബന്ധമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പാനൂർ പി.ആർ.എം. ഹൈസ്ക്കൂളിൽ കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിവിധ വകുപ്പുകളുമായി സഹകരിച്ച് ഏപ്രിൽ 28 മുതൽ മെയ് ആറ് വരെയുള്ള തീയ്യതികളിൽ പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന അനുബന്ധ പരിപാടികളാണ് നടക്കുക. പ്രാദേശികമായി പൊതുജങ്ങൾക്കു പങ്കെടുക്കാവുന്ന പരിപാടികളും സംഘടിപ്പിക്കും. മെയ് രണ്ടിന് തദ്ദേശസ്ഥാപന തലത്തിൽ ക്വിസ് മത്സരം നടത്തും. അനുബന്ധ പ്രവർത്തനങ്ങളുടെ ചുമതല അതത് തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും. ഏകോപന ചുമതല അതത് ബ്ലോക്ക് പഞ്ചായത്തുകൾക്കായിരിക്കും. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും തദ്ദേശസ്ഥാപനതലത്തിൽ ഏറ്റെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരാനും നിർദേശിച്ചിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും സമീപ പ്രദേശത്തെ മുൻസിപ്പാലിറ്റികളെ കൂടി ഉൾപ്പെടുത്തി തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഗ്രന്ഥശാല ഭാരവാഹികൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. 

കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡൻറ് ആർ.ഷീല, വൈസ് പ്രസിഡൻറ് പി.ഷൈറീന, നഗരസഭാ ചെയർപേഴ്സൺ വി. സുജാത, പാനൂർ ബ്ലോക്ക് പ്രസിഡൻറ് എ.ശൈലജ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വത്സൻ, സി.രാജീവൻ, എം.ടി.കെ.ബാബു, എ.രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ പാർട്ടി നേതാക്കൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger