July 9, 2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഗേഷ് കായലൂർ അന്തരിച്ചു

img_2765-1.jpg


ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ റിപ്പോർട്ടർ ചാവശ്ശേരി ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) അന്തരിച്ചു. ഞായറാഴ്‌ച രാത്രി 9.30 ന് ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ – ഇരിട്ടി റോഡിൽ കോടതിക്കുസമീപത്ത്‌ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ ടോറസ്‌ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രണ്ടുദിവസമായി സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു. ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം. മട്ടന്നൂരിൽ വക്കീൽ ക്ലർക്കായും
രാഷ്ട്രദീപിക മട്ടന്നൂർ ലേഖകനായും അതിനുശേഷം ദീർഘകാലമായി ദേശാഭിമാനി മട്ടന്നൂർ ഏരിയാ റിപ്പോർട്ടറായിരുന്നു. 2008 ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ്‌ റീഡറായി. കാസർകോട്‌ ബ്യൂറോയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. ഇ. പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമായിരുന്നു. മട്ടന്നൂർ പ്രസ് ഫോറം സ്ഥാപക പ്രസിഡണ്ട് കൂടിയായിരുന്നു.
പരേതനായ എ സി രാഘവൻ നമ്പ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കൾ: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌.
ഇന്ന് രാവിലെ 11 മണിക്ക്‌ കണ്ണൂർ ദേശാഭിമാനിയിലും 12 മണിക്ക്‌ മട്ടന്നൂരിലും പൊതുദർശനം. ഒരു മണിക്ക്‌ വീട്ടിലെത്തിച്ചശേഷം നാലിന്‌ മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്കരിക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger