വാർഷികാഘോഷവും കോൽക്കളി, ചരട് കുത്തി കോൽക്കളിഅരങ്ങേറ്റം ഏപ്രിൽ 27 ന്

പയ്യന്നൂർ.കൾച്ചറൽ മൂവ്മെന്റും മഹാദേവഗ്രാമം കോൽക്കളി സംഘവും സംയുക്തമായി നടത്തുന്ന വാർഷികാഘോഷം ഏപ്രിൽ 27 ന് നടക്കും. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മഹാദേവ ഗ്രാമത്തിൽ കെ.ശിവകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ ടി. ഐ. മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.വി പി.സുരേഷ് അധ്യക്ഷനാകും.കഴിഞ്ഞ ഒരു വർഷത്തോളമായി കോൽക്കളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലിപ്പിക്കുന്ന മുപ്പതോളം കലാകാരന്മാരുടെ കോൽക്കളി – ചരട് കുത്തി കോൽക്കളി അരങ്ങേറ്റമാണ്നടക്കുന്നത്. 6 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള പഠിതാക്കളാണ് ഇത്തവണ അരങ്ങേറ്റം നടത്തുന്നത്. പയ്യന്നൂർ കോൽക്കളിയുടെ ഹൃദയഭൂമിയായ മഹാദേവ ഗ്രാമത്തിൽ പ്രത്യേകം സജ്ജമാക്കിയ കളിത്തട്ടിലാണ് അരങ്ങേറ്റം നടക്കുന്നത്. തുടർന്ന് വള്ളുവനാട് ബ്രഹ്മയുടെ നാടകം വാഴ്‌വേമായം അരങ്ങേറും.
പയ്യന്നൂർ കോൽക്കളിക്ക് നിസ്‌തുലമായ സംഭാവനകൾ നൽകിയ കോൽക്കളി ആചാര്യൻ ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കളെ അനുസ്മരിച്ച് എതിർദിശ സുരേഷ് സംസാരിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ കെ.ശിവകുമാർ ,വി .പി .സുരേഷ്, ടി.കണ്ണൻ, ആർ.കെ.വി.
രാജേഷ് എന്നിവർ പങ്കെടുത്തു.