സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം: ബി.ജെ.പി പ്രവർത്തകർക്ക് 21 വർഷം വീതം തടവ്

തലശേരി: സി.പി.എം പുന്നോൽ ബ്രാഞ്ച് സെക്രട്ടറിയായ എം. പ്രകാശനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായ പത്ത് പ്രതികൾക്ക് 21 വർഷവും ഏഴുമാസവും വീതം തടവും 6,75,000 രൂപ വീതം പിഴയും കോടതി വിധിച്ചു. തലശ്ശേരി അഡീഷണൽ അസി. സെഷൻസ് കോടതി ജഡ്ജി എം. ശ്രുതി ആണ് ശിക്ഷിച്ചത്.
പുന്നോലിൽ കാറോത്ത് താഴെ ഹൗസിൽ കെ.ടി.ദിനേഷ് എന്ന പോച്ചിറ ദിനേഷൻ (45), പുന്നോൽ നികുഞ്ചം ഹൗസിൽ വി.വി.പ്രവീൺകുമാർ എന്ന പ്രവീൺ (58), കൊമ്മൽവയലിൽ ശ്രീ ശങ്കരാലയത്തിൽ കെ.രൂപേഷ് (38), പുന്നോൽ ബഗ്ലയിൽ ഹൗസിൽ ഗിരിജേഷ് (43), വയലളം ടെമ്പിൾഗേറ്റിലെ കടുമ്പേരി ഹൗസിൽ കെ.സി പ്രഷീജ് (47), ടെമ്പിൾഗേറ്റ് പുരക്കണ്ടി ഹൗസിൽ ഷിജേഷ് എന്ന ഷിജു (42), പുന്നോൽ കൽപാറ പയ്യനാടൻ ഹൗസിൽ കെ.പി.കനേഷ് (40), പുന്നോലിന് സമീപം ശ്രീനാരായണ മഠത്തിൽ പയ്യനാടൻ നികേഷ് (34), വയലളം ടെമ്പിൾഗേറ്റിൽ രാജശ്രീ ഭവനത്തിൽ സി.പി.രാധാകൃഷ്ണൻ എന്ന കല്ലുണ്ണി രാധാകൃഷ്ണൻ (54), പുന്നോൽ വട്ടക്കണ്ടി ഹൗസിൽ വി.സുദീഷ് എന്ന സുദി (36) എന്നിവരാണ് പ്രതികൾ.