ഓൺലൈൻ ഷെയര്‍മാര്‍ക്കറ്റ് ;ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ

പരിയാരം: ഓൺലൈൻ ഷെയര്‍മാര്‍ക്കറ്റില്‍ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈതപ്രം സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാജസ്ഥാൻ
ജയ്പൂര്‍ ജോഡ് വാര കര്‍ധാനി പ്രൈം പ്രതാപ് സര്‍ക്കിളിലെ കമലേഷിനെ(20)യാണ്
റൂറല്‍ അഡീഷണല്‍ എസ്.പി കെ.എസ്.ഷാജിയുടെ നിർദേശപ്രകാരം പോലീസ് സംഘം പിടികൂടിയത്. ദിവസങ്ങളോളം രാജസ്ഥാനില്‍ ക്യാമ്പ് ചെയ്ത സംഘം അജ്മീറിന് സമീപം കിഷന്‍ഗഞ്ചിൽ വെച്ചാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.
പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പാണപ്പുഴ കൈതപ്രത്തെ യു. കുഞ്ഞിരാമന്റെ(61) പണമാണ് സംഘം തട്ടിയെടുത്തത്. 2024 മെയ് 9 മുതൽ ജൂൺ 5 വരെയുള്ള കാലയളവിലാണ് സംഭവം.
ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍ എന്ന വ്യക്തി ജൂലിയ സ്റ്റെറിന്‍ എന്ന സൈറ്റ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി പ്രതികൾ നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്.
പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിക്കാത്തതിനെ തുടര്‍ന്ന് 2024 സപ്തംബര്‍ 16 നാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.
തട്ടിപ്പിന് പിന്നില്‍ വൻ റാക്കറ്റുണ്ടെന്ന് മനസ്സിലായതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് പരിയാരം പോലീസ് കൈമാറിയത്. അന്വേഷണത്തിനിടയില്‍ തട്ടിപ്പ് സംഘത്തിൽ നിന്ന് 47,000 രൂപ പരാതിക്കാരന് തിരികെ ലഭിച്ചിരുന്നു.