വിജ്ഞാന കേരളം; ജില്ലാ വിജ്ഞാന കൗൺസിൽ രൂപീകരിച്ചു

കണ്ണൂർ: തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് വിജ്ഞാനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിജ്ഞാന കേരളം പദ്ധതിയുടെ ജില്ലാ വിജ്ഞാന കൗൺസിൽ രൂപീകരണം വിജ്ഞാന കേരളം ക്യാമ്പെയിൻ സംസ്ഥാന അഡൈ്വസർ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്നു. കണ്ണൂർ ഡി പി സി ഹാളിൽ നടന്ന പരിപാടിയിൽ പുരാവസ്തു രജിസ്‌ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. വർഷാവസാനത്തോടെ ജില്ലയിലെ അഭ്യസ്ത വിദ്യരായ 50000 പേർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മെയ് – ജൂൺ മാസമാകുമ്പോഴേക്കും 20000 പേർക്കെങ്കിലും ജോലി നൽകണം എന്ന ലക്ഷ്യത്തോടെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തൊഴിലന്വേഷകരായ 20000 പേരെ കണ്ടെത്തി ഡി ഡബ്ല്യൂ എം എസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത്, അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി ഒരു തൊഴിൽ ദാതാവിന്റെ മുൻപിലെത്തിക്കുകയും തന്റെ ആത്മവിശ്വാസത്തിന്റെയും അറിവിന്റെയും ബലത്തിൽ ജോലി നേടാൻ പ്രാപ്തനാക്കുകയും ചെയ്യുകയാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തി തൊഴിലന്വേഷകരെ ഇതിന് പ്രാപ്തരാക്കി തൊഴിൽ നേടിക്കൊടുക്കുന്ന അവസാന ഘട്ടം വരെ മെന്റർമാരും കമ്യൂണിറ്റി അംബാസിഡർമാരും ഒന്നിച്ചുണ്ടാവും.
വിജ്ഞാന കേരളം പരിപാടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതു മേൽനോട്ടം നൽകാൻ ജില്ലയിൽ ചാർജുള്ള മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ വിജ്ഞാനകേരളം കൗൺസിൽ ഉണ്ടാകും. ഇതിൽ എംഎൽഎമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ ചുമതലക്കാർ, ജില്ലാ കളക്ടർ,തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ, പിഎംയുവിന്റെ ഡിഎംസിയും മറ്റു പ്രധാനപ്പെട്ട അംഗങ്ങളും, യുവജനക്ഷേമബോർഡ് പ്രതിനിധി, അസാപ്പ്/കെയ്സ് എന്നിവരുടെ പ്രതിനിധികൾ, പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാരുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും.
വിജ്ഞാന കേരളം പദ്ധതി ജില്ലാമിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി, എം വിജിൻ എം എൽ എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കേരള നോളജ് ഇക്കണോമി മിഷൻ ഡിപിഎം ജി പി സൗമ്യ എന്നിവർ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്തു.