July 13, 2025

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

img_0818-1.jpg

നമ്മുടെ വായന ശോഷിക്കുന്നില്ലെന്നും ശക്തിപ്പെട്ടു വരികയാണെന്നും പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 19-ാമത് പുസ്തകോത്സവം കലക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയധികം ഗ്രന്ഥശാല പ്രവർത്തകർ, ബുക്ക് സ്റ്റാളുകൾ, പുസ്തകങ്ങൾ ഇവയൊക്കെ സൂചിപ്പിക്കുന്നത് നമ്മുടെ വായന ശക്തിപ്പെട്ടുവരുന്നു എന്നതാണ്. അതുകൊണ്ട് നമ്മുടെ സമൂഹവും ശക്തിപ്പെടും. അതിനെക്കുറിച്ച് നാം ആവലാതിപ്പെടേണ്ട കാര്യമില്ല.

കേരളത്തിന്റെ നവോത്ഥാനത്തിന്റെ ഒരു ഭാഗമാണ് ലൈബ്രറി കൗൺസിലും നമ്മുടെ വായനാ സംസ്‌കാരവും. ഇത്രയധികം ഗ്രന്ഥശാലകൾ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ നവോത്ഥാനം ഇത്രയധികം വേഗത്തിൽ മുന്നോട്ടുപോകുമായിരുന്നില്ല. ലൈബ്രറി കൗൺസിൽ പോലൊരു മുന്നേറ്റം ലോകത്തൊരിടത്തും കാണാൻ കഴിയില്ല. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പുസ്തകം ആളുകൾ വായിക്കുന്നുണ്ട്. അലസ വായനക്കാരായ ചിലർ ഒരുപക്ഷേ വായിക്കുന്നില്ലായിരിക്കാം. പക്ഷേ, ഗൗരവമുള്ള വായനക്കാർ ഇപ്പോഴുമുണ്ട്. യുവാക്കളും യുവതികളും സ്‌കൂൾ കുട്ടികളും വായനയിലേക്ക് തിരിച്ചുവരുന്നുണ്ട്. ഒരു കാലത്ത് തലനരച്ചവർ മാത്രമായിരുന്നു സാംസ്‌കാരിക സമ്മേളനത്തിൽ കാണാൻ കഴിയുന്നത്. ഇന്നത് മാറിയിട്ടുണ്ട്.

ഐടി മേഖലയിലുള്ളവർ ഉൾപ്പെടെയുള്ള പുതിയ ഒരു വായനാ സമൂഹം ഇവിടെ വളർന്നുവരുന്നുണ്ട്.
അമേരിക്കയിൽ നടത്തിയ പഠനം പറയുന്നത് ആളുകൾ സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിച്ച് പുസ്തകങ്ങളിലേക്ക് തിരിച്ചുവരികയാണെന്നാണ്. കേരളത്തിൽ ഒരു പഠനം നടത്തിയാലും ഈ ഫലം തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger