രാമന്തളി മാലിന്യ വിരുദ്ധ സമര പോരാളികൾ വിജയാഘോഷത്തിന് ഒത്തുചേർന്നു

.
പയ്യന്നൂർ : ജന്മനാട്ടിൽ
ശുദ്ധജലം കുടിച്ചു ജീവിക്കുവാൻ രാമന്തളി പ്രദേശത്തുകാർ തെരുവിലിറങ്ങി സമരം ചെയ്തതിൻ്റെ 8 ാം വർഷം സമരത്തിൻ്റെ പൂർണ്ണ വിജയം ആഘോഷിക്കുവാൻ സമര പോരാളികൾ വീണ്ടും ഒത്തുചേർന്നു. 90 ദിവസം വിവിധ തരത്തിലുള്ള സമര പോരാട്ടങ്ങൾ നടന്ന നാവിക അക്കാദമിയിലെ പ്രധാന കവാടമായ പയ്യന്നൂർ ഗെയിറ്റിനു മുന്നിലെ സമര ഭൂമിയിലാണ് പോരാളികൾ ഒത്തുചേർന്ന് സമാരാനുഭവങ്ങൾ പങ്കുവെയ്ക്കുകയും സമര വിജയം ആഘോഷിക്കുകയും ചെയ്തത്.
ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻ്റിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തി രാമന്തളിയിലെ കിണറുകൾ ഉപയോഗശൂന്യമായതിനെതിരെ നാട്ടുകാരുടെ കൂട്ടായ്മയായ ജനാരോഗ്യസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഏഴിമല മാലിന്യ വിരുദ്ധ സമരം നടത്തിയത്
സമരത്തിൻ്റെ പ്രധാന ആവശ്യമായ മാലിന്യ പ്ലാൻ്റ് വികേന്ദ്രീകരണം നേവൽ അധികൃതർ നടപ്പിലാക്കുകയും, സമരസമിതി പ്രവർത്തകർക്ക് മേൽ ഉണ്ടായിരുന്ന 15 ഓളം കേസുകൾ കോടതി തള്ളുകയും ചെയ്തതോടെയാണ് സമരസമിതി പ്രവർത്തകർ സമര വിജയം ആഘോഷിച്ചത്.
സമരസമിതി ചെയർമാൻ ആർ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ പി രാജേന്ദ്രകുമാർ, പി പി നാരായണി, ചന്ദ്രൻ കൊടക്കൽ , സുനിൽ രാമന്തളി , എ ലീലാമണി, പി കെ നാരായണൻ, കെ പി സുരേശൻ, വിനോദ് കുമാർ രാമന്തളി , കെ പി ഹരീഷ് കുമാർ , കെ എം അനിൽ കുമാർ എന്നിവർ സംസാരിച്ചു.