ദേശീയപാതാ നിർമ്മാണ പ്രശ്നങ്ങൾ: ജനകീയ പഠന സംഘം ജൂൺ 2ന് പര്യടനം ആരംഭിക്കും.

പയ്യന്നൂർ :കേരളം പോലെ പരിസ്ഥിതിലോലമായ ഭൂപ്രദേശത്ത് ആവശ്യമായ പാരിസ്ഥിതിക ആഘാത പഠനങ്ങളുടെയും ശാസ്ത്രീയ ആസൂത്രണങ്ങളുടെയും പിൻബലമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഹൈവേ വികസനം മൺസൂൺ ആരംഭിച്ചതോടെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇടനാടൻ ചെങ്കൽ കുന്നുകളും വയലുകളും നിർച്ചാലുകളും ഇടകലർന്ന കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ പ്രദേശവാസികൾ കനത്തദുരന്തങ്ങൾ നേരിടുകയാണ്. വെള്ളക്കെട്ടും, കുന്നിടിച്ചിലും ഗതാഗതസ്തംഭനവും കൃഷിനാശവും ഒക്കെച്ചേർന്ന് ദൈനനം ദിന ജീവിതത്തെ ബാധിച്ചിരിക്കുന്നു. കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി.
കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ ജനകീയ പഠന സംഘം ചെറുവത്തൂർ കാര്യങ്കോട് മുതൽ കണ്ണൂർ ചാല വരെയുള്ള പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചും നാട്ടുകാരുമായി സംവദിച്ചും തൽസ്ഥിതി രേഖപ്പെടുത്തുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും വേണ്ടി പഠന സംവാദ യാത്ര നടത്താൻ തീരുമാനിച്ചു.
2/6/ 25 തിങ്കളാഴ്ച പയ്യന്നൂർ പെരുമ്പയിൽ വെച്ച് യാത്ര ആരംഭിക്കും.ഹൈവേ വികസനo പോലെയുള്ള വൻ നിർമ്മിതികളുടെയും മറ്റു വികസനപ്രവർത്തനങ്ങളുടെയും കാര്യം വരുമ്പോൾ ആസൂത്രണ – നിർമ്മാണഘട്ടങ്ങളിൽ പൊതുജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്നും അതീവജാഗ്രത പുലർത്തുന്നതിലൂടെ മാത്രമേ ആഘാതങ്ങൾ കുറക്കാൻ സാധിക്കുകയുള്ളൂ. പഠന റിപ്പോർട്ട് അതിന് സഹായകമാവും എന്ന് പ്രതീക്ഷിക്കുന്നു. യോഗത്തിൽ ടി പി പദ്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി വിശാലാക്ഷൻ മാസ്റ്റർ,വിസി ബാലകൃഷ്ണൻ,ഡോ.ഇ ഉണ്ണിക്കൃഷ്ണൻ , നോബിൾ പൈകട ,കെ രാമചന്ദ്രൻ , സി സുനിൽകുമാർ ,കമാൽ റഫീഖ്, ജില്ലാ പരിസ്ഥിതി ഏകോപന സമിതി കൺവീനർ
കെ ഇ കരുണാകരൻ,
സി ദിവാകരൻ, പി പി രാജൻ, തുടങ്ങിയവർ സംസാരിച്ചു.