പുതിയതെരുവിലെ ഗതാഗതപരിഷ്ക്കരണം: മീഡിയനുകൾ സ്ഥാപിക്കാൻ കെ സുധാകരൻ എം. പി 10 ലക്ഷം രൂപ അനുവദിച്ചു.

പുതിയതെരു:, അപകടഭീഷണിയുള്ള ഡിവൈഡർ നീക്കം ചെയ്യാനും ബസ്സ് ബേ-സീബ്രാലൈൻ സ്ഥാപിക്കാനും പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
കണ്ണൂർ: ഗതാഗതപരിഷ്ക്കരണത്തിന്റെ ഭാഗമായി പുതിയതെരു ടൌണിൽ മീഡിയനുകൾ ഉൾപ്പെടെ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കെ സുധാകരൻ എം. പി 10 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ ഗസ്റ്റ് ഹൌസിൽ വെച്ച് പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ഭാരവാഹികൾ കെ സുധാകരൻ എം പി യെ നേരിൽ കണ്ട് പുതിയതെരു ടൌണിലൂടെ കുരുക്കില്ലാത്ത വാഹനഗതാഗതമായെങ്കിലും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് ആവശ്യമായ സീബ്രാ ലൈനുകൾ വേണമെന്നും ബസ്സ് യാത്രക്കാരുടെയും യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ബസ്സ് ബേ നിർമ്മിച്ച് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും അപകടഭീഷണിയില്ലാത്ത ശാസ്ത്രീയമായ ഡിവൈഡറുകൾ സ്ഥാപിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പുതിയതെരുവിലെ വ്യാപാരികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിന് ജില്ലാ കളക്ടറെ എം. പി ബന്ധപ്പെട്ടിരുന്നു. എംപിയുടെ നിർദ്ദേശ പ്രകാരം വെള്ളിയാഴ്ച കെ സുധാകരൻ എംപിയുടെ പേഴ്സണൽ സെക്രട്ടറി എം ഷീബുവിന്റെ നേതൃത്വത്തിൽ വ്യാപാരികൾ ജില്ലാകളക്ടറെ നേരിട്ട് ആവശ്യങ്ങൾ ഉന്നയിക്കുകയും നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയതെരുവിൽ ഡിവൈഡറുകൾ പരിഷ്ക്കരിക്കുന്നതിന് ആവശ്യമായ ഫണ്ടില്ലെന്നും, പുതിയതെരു ടൌണിൽ ഗതാഗതപരിഷ്ക്കരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ചത് ദേശീയപാത നിർമ്മാണ കരാറെടുത്ത വിശ്വസമുദ്രയാണെന്നും കളക്ടർ അറിയിച്ചു. കളക്ടറുടെ അഭിപ്രായം എംപിയുടെ പേഴ്സണൽ സെക്രട്ടറി എം ഷീബു കെ. സുധാകരൻ എംപിയെ അറിയിച്ചു. പുതിയതെരുവിൽ പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ എം. പി ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കെ സുധാകരൻ എം. പി പ്രാദേശിക വികസന നിധിയിൽ നിന്നും പ്രഥമ പരിഗണന നൽകി 10 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിയുടെ ഭാഗമായി തയ്യാറാക്കുന്ന എസ്റ്റിമേറ്റിൽ വർദ്ധനവുണ്ടെങ്കിൽ ആവശ്യമായ തുക അനുവദിക്കുമെന്നും പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ഭാരവാഹികൾക്ക് എം. പി ഉറപ്പ് നൽകി. പദ്ധതിയുടെ ഭാഗമായി പുതിയതെരു ടൗണിൽ നടപ്പിലാക്കുന്നതിനാവശ്യമായ പ്രൊപ്പോസലുകൾ തിങ്കളാഴ്ചക്കകം നൽകണമെന്ന് കെ സുധാകരൻ എംപി പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടു
പുതിയതെരുവിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗതം സുഗമമായി മുന്നോട്ടു പോകുമ്പോഴും, പരിഷ്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെയും വ്യാപാരികളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുതിയതെരു ടൌണിലെ സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച വൻമതിൽ നീക്കം ചെയ്യുക, നോ എൻട്രി ബോർഡ് വെച്ച് ഗതാഗതം നിയന്ത്രിച്ച് ബാക്കി ഭാഗങ്ങളിൽ ആന്റി ഗ്ലയർ മീഡിയൻ ബാരിയർ(മീഡിയൻ കുറ്റി)സ്ഥാപിക്കുക, ചിറക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ബസ്സ് ബേ നിർമ്മിച്ച് ബസ്സ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക സീബ്രാലൈനുകൾ വരക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കെ സുധാകരൻ എംപി പുതിയതെരുവിൽ എത്തിയിരുന്നു. ചിറക്കൽ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം സാധാരണക്കാരും ആശ്രയിക്കുന്ന പൊതുജനങ്ങൾക്കും പുതിയതെരുവിലെ വ്യാപാരികൾക്കും ആശ്വാസകരമാകുന്ന ഇടപെടലാണ് കെ സുധാകരൻ എംപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.