പമ്പുകളിൽ നിന്നുള്ള ഇന്ധന ചോർച്ച: കുടിവെള്ളം മുട്ടിയ മാഹി കുഞ്ഞിപ്പുര മുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്

തലശ്ശേരി/മാഹി: പമ്പുകളിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് കിണർ വെള്ളം മലിനമായ സംഭവത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി മാഹി പള്ളൂർ കുഞ്ഞിപ്പുര മുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ. തലശ്ശേരി-മാഹി ബൈപാസ് ഉദ്ഘാടനം കഴിഞ്ഞതോടെ വൻ നികുതി ഇളവുകളുള്ള മാഹി പള്ളൂരിൽ 100 മീറ്ററിനുള്ളിൽ സമീപ നാളുകളിൽ 11 പെട്രോൾ പമ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. രാപകൽ പ്രവർത്തിക്കുന്ന ഈ പമ്പുകളിൽ നിന്ന് ഇന്ധനം ചോർന്ന് സമീപ വീടുകളിലെ കിണറുകളിലെത്തിയതോടെ 20-ഓളം വീട്ടുകാരുടെ കുടിവെള്ളമാണ് പൂർണ്ണമായും മുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മാസം മുതലാണ് ഈ ഭാഗത്തെ കിണർ വെള്ളത്തിൽ പെട്രോളിയത്തിന്റെയും ഡീസലിന്റെയും രൂക്ഷമായ മണം അനുഭവപ്പെട്ടു തുടങ്ങിയത്. പ്രദേശവാസിയായ കെ.പി. നദീറയുടെ വീട്ടുകിണറാണ് ആദ്യം മലിനമായത്. പിന്നാലെ എം. സുമതി, എൻ.കെ. റജുൻദാസ്, കെ.സി. ഗിരീശൻ, കെ.എം. പീതാംബരൻ, പി.ടി. പ്രേമരാജൻ തുടങ്ങിയവരുടെ കിണർ വെള്ളവും ഉപയോഗശൂന്യമായി.
പ്രശ്നപരിഹാരം തേടി നാട്ടുകാർ മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററെ (ആർ.എ.) സമീപിച്ചിരുന്നു. തുടർന്ന് മയ്യഴി ആരോഗ്യ വകുപ്പും റവന്യൂ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ആറോളം കിണറുകളിലെ വെള്ളത്തിൽ പെട്രോളിയം ഹൈഡ്രോ കാർബണിന്റെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ദിവസം 20 ലിറ്റർ വീതം കുടിവെള്ളം എത്തിച്ചു നൽകാൻ ആർ.എ. ഇടപെട്ട് സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഇത് ദൈനംദിന ആവശ്യങ്ങൾക്ക് തികയുന്നില്ല. ബന്ധുവീടുകളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നും സ്വന്തം ചെലവിൽ ശുദ്ധജലം എത്തിച്ചാണ് ഈ കുടുംബങ്ങൾ ദുരിതം തരണം ചെയ്യുന്നത്.
ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഈ മാസം 23-ന് രാവിലെ 11 മണിക്ക് മാഹി ആർ.എ. ഓഫീസിലേക്ക് സമാധാന ജാഥ നടത്തുമെന്ന് കുഞ്ഞിപ്പുര മുക്ക് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ആക്ഷൻ കമ്മിറ്റി കൺവീനർ പി.ടി. പ്രേമരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ കെ.എം. പീതാംബരൻ, കെ.സി. ഗിരീശൻ, എൻ.കെ. റജുൻദാസ്, കെ.പി. നദീറ, എം. സുമതി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.







