അഭിമാനമായി കാനാട് സ്വദേശി സായ് കൃഷ്ണ; ഇന്സ്പെയര് മനാക് അവാര്ഡില് മൂന്നാം സ്ഥാനം

കേരളത്തിന് അഭിമാനമായി കണ്ണൂര് എടയന്നൂര് ജിവിഎച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാര്ഥി സായ് കൃഷ്ണ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണല് ഇന്നവേഷന് ഫൗണ്ടേഷനും ചേര്ന്ന് ദേശീയ തലത്തില് നല്കുന്ന ഇന്സ്പെയര് മനാക് അവാര്ഡില് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കണ്ണൂര് കാനാട് സ്വദേശി ഇ കെ സായ്കൃഷ്ണ. ഡല്ഹിയില് വച്ച് നടന്ന ദേശീയ ശാസ്ത്ര പ്രദര്ശനത്തില് മൂന്നാം സ്ഥാനം നേടിയ സായ്കൃഷ്ണയ്ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവാര്ഡ് സമ്മാനിച്ചു. ബോട്ടപകടങ്ങളില് രക്ഷാപ്രവര്ത്തനം വേഗത്തിലാക്കുന്നതിനുള്ള സ്മാര്ട്ട് അണ്ടര്വാട്ടര് ബോട്ട് അലാറമാണ് വിദ്യാര്ഥിയെ അവാര്ഡിന് അര്ഹനാക്കിയത്.
തെരൂര് യുപി സ്കൂളില് ആറാം ക്ലാസ് വിദ്യാര്ഥിയായിരിക്കെ സമര്പ്പിച്ച പ്രൊജക്ടാണ് ജില്ലാ, സംസ്ഥാനതല പ്രദര്ശനങ്ങളില് വിജയിച്ച ശേഷം ദേശീയതല പ്രദര്ശനത്തില് മല്സരിക്കാനെത്തിയത്. അഖിലേന്ത്യാടിസ്ഥാനത്തില് മല്സരിച്ച 790 എന്ട്രികളില് നിന്ന് ദേശീയതലത്തിലെത്തിയ 62 എണ്ണത്തില് സായ്കൃഷ്ണയുടേത് ഏറ്റവും മികച്ച മൂന്നാമത്തെ പ്രൊജക്ടായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെരൂര് സ്കൂളിലെ പ്രസൂണ് മാസ്റ്ററായിരുന്നു സായ്കൃഷ്ണയുടെ ഗൈഡ്.
ബോട്ടുകളുടെ അമിതമായ ചരിവ് തിരിച്ചറിയാന് സഹായിക്കുന്ന ‘ടില്റ്റ് സെന്സിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാര്ട്ട് അണ്ടര്വാട്ടര് ബോട്ട് അലാറം സംവിധാനം സായ് കൃഷ്ണ വികസിപ്പിച്ചത്. ബോട്ട് സുരക്ഷിത പരിധിയില് കൂടുതല് ചരിഞ്ഞാല് ഈ സംവിധാനം തനിയെ അലാറം മുഴക്കും. ഒരു ഇലക്ട്രോമാഗ്നറ്റിക് സ്വിച്ചിന്റെയും അത്യാധുനിക കമ്മ്യൂണിക്കേഷന് സാങ്കേതികവിദ്യയുടെയും സഹായത്തോടെ, അപകട സമയത്ത് തത്സമയ അടിയന്തര സന്ദേശങ്ങള് സമീപത്തുള്ള രക്ഷാപ്രവര്ത്തകര്ക്ക് കൈമാറാന് ഈ സംവിധാനത്തിലൂടെ സാധിക്കും. താനൂര് ബോട്ട് ദുരന്തമാണ് ഇത്തരമൊരു സ്മാര്ട്ട് അലാറം വികസിപ്പിക്കുന്നതിന് വിദ്യാര്ഥിക്ക് പ്രേരണയായത്.
അവാര്ഡിന് അര്ഹനായ സായ്കൃഷ്ണയ്ക്ക് നാലുലക്ഷം രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും. ഗൈഡ് പ്രസൂണ് മാസ്റ്റര്ക്കും തെരൂര് യു.പി സ്കൂളിനും പുരസ്കാരവും ലഭിക്കും. കെഎസ്ഇബി ഡിവിഷണല് അക്കൗണ്ട്സ് ഓഫീസര് കാനാട്ടെ രാമകൃഷ്ണന് മനിയേരിയുടേയും, എടയന്നൂര് ജഎച്ച്എസ് അധ്യാപിക ഇ കെ സിനിയുടേയും മകനാണ് സായ് കൃഷ്ണ.
സ്കൂള് വിദ്യാര്ത്ഥികളില് ശാസ്ത്രാവബോധവും സര്ഗ്ഗാത്മക ചിന്തയും വളര്ത്തുന്നതിനും സാമൂഹിക പ്രശ്നങ്ങള്ക്ക് ശാസ്ത്രീയ പരിഹാരങ്ങള് കണ്ടെത്താന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേന്ദ്ര സര്ക്കാര് ഇന്സ്പെയര് മനക്ക് അവാര്ഡ് ഏര്പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 6 മുതല് 10 വരെ ക്ലാസ്സുകളില് പഠിക്കുന്ന കുട്ടികളില് നിന്നും ഒരു ലക്ഷം മികച്ച യഥാര്ത്ഥ ശാസ്ത്ര കണ്ടുപിടുത്തങ്ങള്/ആശയങ്ങള് കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിന് ഉപകാരപ്രദമാകുന്നതും വിദ്യാര്ത്ഥികളുടെ സ്വന്തം ക്രിയേറ്റിവിറ്റിയില് നിന്നും ഉണ്ടാകുന്നതുമായ പുതിയ ആശയങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.







