July 9, 2025

22 വർഷംമുമ്പേ സിനിമ പറഞ്ഞു, കണ്ണൂരിൽ അത് സംഭവിച്ചു, സ്നേഹം കൊതിക്കുന്ന കുട്ടി കുറ്റവാളിയാകുമ്പോള്‍

img_0300-1.jpg

കണ്ണൂർ: നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ പന്ത്രണ്ടുവയസുള്ള കുട്ടി കിണറ്റിലിട്ടു കൊന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. അതിലേറെ ഞെട്ടലായിരുന്നു പന്ത്രണ്ടുകാരിയുടെ മൊഴി കേട്ടപ്പോഴുണ്ടായത്. തനിക്ക് ലഭിക്കേണ്ട സ്നേഹം ചെറിയ കുട്ടിയിലേക്ക് മുഴുവനായും പോകുമോ എന്ന ഭയത്തിലായിരുന്നു കൊലപാതകം എന്നായിരുന്നു ചോദ്യം ചെയ്യലിൽ കുട്ടി പോലീസിന് നൽകിയ മൊഴി. വാർത്ത പുറത്തുവരുമ്പോൾ മലയാളി ഓർക്കുന്നത് 22 വർഷം മുമ്പ് റിലീസ് ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ ഇതിവൃത്തമാണ്.

ജയറാമും മകൻ കാളിദാസ് ജയറാമും ജ്യോതിർമയിയും പ്രധാനവേഷത്തിൽ എത്തിയ ചിത്രം മലയാളികൾ അത്രപെട്ടെന്നൊന്നും മറന്ന് കാണില്ല. ഇളയകുട്ടി ജനിച്ചപ്പോൾ തന്നോടുള്ള സ്നേഹവും ലാളനയും കുറയുന്നുവെന്ന മൂത്ത കുട്ടിയുടെ ചിന്തയിൽ നിന്നുണ്ടാകുന്ന കുറ്റകൃത്യം. ഇളയകുട്ടിയോടുള്ള വൈരാഗ്യം വളർന്ന് ഒടുവിൽ കൊച്ചു കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നീങ്ങുന്നതാണ് സിനിമയിലെ ഇതിവൃത്തം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ആയിരുന്നു. തമിഴിൽ ഇത് കണ്ണാടിപൂക്കൾ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു.

കണ്ണീരോടെയല്ലാതെ കണ്ടുതീർക്കാനാകാത്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം ഒരുപക്ഷെ അന്ന് പലരിലും നെറ്റിചുളിച്ചിരുന്നു. ഇത്തരത്തിൽ ഒന്ന് സംഭവിക്കാനിടയുണ്ടോ എന്ന ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം കണ്ണൂരിൽ നിന്ന് വന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളക്കര.

സന്തുഷ്ട കുടുംബമായി ജീവിക്കുന്ന വിശ്വനാഥൻ, ഭാര്യ മീര, മകൻ വാസുദേവിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മീര വാസുവിന്റെ രണ്ടാനമ്മയാണെങ്കിലും അവർ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. അമ്മ എന്നതിലുപരി അടുത്ത സുഹൃത്തായാണ് മീരയെ വാസു കാണുന്നത്. ഇതിനിടെയാണ് മീര ഗർഭിണിയാകുന്നതും കുട്ടിയെ പ്രസവിക്കുന്നതും. എന്നാൽ ചെറിയ കുട്ടിയെ പരിചരിക്കുന്നതിനിടയിൽ അച്ഛനും അമ്മയും തന്നോട് അകലുന്നുവോ എന്ന അലട്ടലിൽ നിന്ന് വാസു കുറ്റവാളിയുടെ വേഷമിടുന്നു. ഒടുവിൽ കുഞ്ഞനിയന്റെ കൊലപാതകത്തിൽ കലാശിക്കുന്നു. ജൂവനൈൽ ഹോമും ഒക്കെയായി കഥ മുമ്പോട്ട് പോകുന്നു.

സമാനമാണ് കണ്ണൂരിലെ കൊലപാതകവും. പിതാവ് മരിച്ചു, മാതാവ് ഉപേക്ഷിച്ചു പോയി. കൂടെ ഉള്ളത് ബന്ധുക്കളായ ദമ്പതിമാരും. സ്വന്തം മകളെപ്പോലെ വളർത്തുന്നതിനിടെയാണ് ഇവർക്കിടയിൽ കുട്ടി വരുന്നത്. തന്നോടുള്ള സ്നേഹം മുഴുവനായും കുട്ടിയിലേക്ക് പോകുമോ എന്ന ഭയം പെൺകുട്ടിയെ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് നാല് മാസം മാത്രം പ്രായമായ കുട്ടിയെ കാണാതാകുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം പാപ്പിനിശ്ശേരിയിലെ പാറയ്ക്കലിലെ വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. ഇവർക്ക് പുറമെ അച്ഛന്റെ സഹോദരങ്ങളുടെ മക്കളും കൂടെ ഉണ്ടായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ 12 വയസുകാരി പെൺകുട്ടിയാണ് പ്രതി എന്ന് കണ്ടെത്തിയത്.

കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം വന്നതിനെത്തുടർന്നാണ് പോലീസിൽ സംശയം ജനിക്കുന്നത്. തുടന്നാണ് 12-കാരി തന്നെയാണ് കുട്ടിയെ കിണറ്റിലിട്ടതെന്ന് പോലീസിന് മനസ്സിലാകുന്നത്. തനിക്ക് കിട്ടേണ്ട സ്നേഹം കുറഞ്ഞുപോകുമോ എന്ന ചിന്തയിലാണ് ക്രൂരത ചെയ്തത്. 12-കാരിയുടെ പിതാവ് മൂന്ന് മാസം മുമ്പാണ് മരിക്കുന്നത്. പിതാവ് മരിച്ചതോടെ മാതാവ് കുടുംബത്തെ ഉപേക്ഷിച്ചു. ഇതോടെയാണ് കുട്ടിയെ ബന്ധു ഏറ്റെടുക്കുന്നത്. പെൺകുട്ടിയേയും കൊണ്ട് കേരളത്തിൽ വന്നിട്ട് ഒന്നരമാസമേ ആയുള്ളൂ. ഏറെ കാത്തിരുന്ന് ജനിച്ച കുട്ടിയെ ആണ് കൊഞ്ചിച്ച് തീരുംമുമ്പ് കുടുംബത്തിന് നഷ്ടമായത്. പ്രതിയായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. ആക്രി ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന കുടുംബം മൂന്ന് വർഷം മുമ്പാണ് കണ്ണൂരിൽ എത്തിയത്.

ആൾമറയുള്ള കിണറിലേക്കാണ് കുട്ടിയെ എറിഞ്ഞത്. കുട്ടിയെ ആരെങ്കിലും കൊണ്ട് കിണറ്റിലിട്ടതാകാം എന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്ന് എല്ലാ രീതിയിലുമുള്ള പരിശോധനയും പോലീസ് നടത്തി. ചോദ്യം ചെയ്യലിലാണ് പന്ത്രണ്ടുകാരിയായ കുട്ടിയുടെ ബന്ധുപോലീസിന് ഒരു മൊഴി നൽകുന്നത്, താൻ 9.30ന് ശുചിമുറിയിൽ പോയി തിരികെ വന്ന സമയത്താണ് കുട്ടിയെ കാണാതാകുന്നത് എന്ന്. വീടിന്റെ വാതിൽ പുറത്തുനിന്ന് തുറക്കാനാകില്ല, അകത്ത് നിന്ന് മാത്രമാണ് തുറക്കാൻ സാധിക്കുക. അങ്ങനെ വരുമ്പോൾ അകത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ പുറത്തുനിന്ന് ആരെങ്കിലും കൊണ്ടുപോകണമെങ്കിൽ വാതിൽ അകത്ത് നിന്ന് തുറന്നു കൊടുക്കണം. അതുകൊണ്ട് തന്നെ പന്ത്രണ്ടുകാരിയുടെ മൊഴി നിർണായകമായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിലാണ് കുട്ടി കുറ്റം സമ്മതിച്ചത്. തനിക്ക് കിട്ടേണ്ട സ്നേഹം ഈ കുട്ടിക്ക് കിട്ടുമോ എന്ന പേടിയാണ് തന്നെ ഈ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പോലീസിന് നൽകിയ മൊഴി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger