കണ്ണൂർ ദസറയ്ക്ക് ഇന്ന് പ്രൗഢഗംഭീര തുടക്കം; ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

Screenshot
കണ്ണൂർ: മൈസൂർ ദസറ കഴിഞ്ഞാൽ ഏറെ പ്രശസ്തമായ കണ്ണൂർ ദസറയ്ക്ക് ഇന്ന് (ഒക്ടോബർ 12) തുടക്കമാകും. കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് പത്തു നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. മേയർ പി. ഇന്ദിര ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിന് സ്വാഗതം പറയും.
‘ഒരുമക്കായി ദസറ ലഹരിക്കെതിരെ തൂഫാൻ’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദസറ ആഘോഷങ്ങളിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കെ. സുധാകരൻ എം.പി., എം.എൽ.എമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്., ഡി.ഐ.ജി. കെ. കാർത്തിക് ഐ.പി.എസ്., സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസ്., സിനിമ താരം ജയരാജ് വാര്യർ, പരിസ്ഥിതി പ്രവർത്തകൻ പി.പി. കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ആദ്യദിന കലാപരിപാടികൾ:
ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും. വിനിത നിഷാന്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, ഉമ ശങ്കരം ടീമിന്റെ തിരുവാതിര, ആയിഷാനി സനേഷ്, മഹേഷ് എന്നിവരുടെ ക്ലാസിക്കൽ ഡാൻസ്, നടനം നൃത്ത വിദ്യാലയത്തിന്റെ കൃഷ്ണനൃത്തം, അഞ്ജലി ശരത് അവതരിപ്പിക്കുന്ന ഭരതനാട്യം, ലാസ്യ നല്ലാഞ്ചിയുടെ കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പ്രശസ്ത ഗായകൻ കെ.എസ്. ഹരിശങ്കർ അവതരിപ്പിക്കുന്ന ‘ഹരിശങ്കർ ലൈവ്’ മെഗാ ഗാനമേളയോടെ ആദ്യദിന പരിപാടികൾക്ക് സമാപനമാകും.







