കണ്ണൂർ കോർപ്പറേഷൻ ‘പ്രൊജക്ട് ബീക്കൺ ടൗൺ’ ആക്ഷൻ പ്ലാൻ രൂപീകരണ യോഗം ചേർന്നു; മാലിന്യസംസ്കരണമാണ് നഗരവൽക്കരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് മേയർ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പ്രൊജക്ട് ബീക്കൺ ടൗൺ ആക്ഷൻ പ്ലാൻ രൂപീകരണ യോഗം കൗൺസിൽ ഹാളിൽ വെച്ച് നടന്നു. മേയർ അഡ്വ. പി. ഇന്ദിര യോഗം ഉദ്ഘാടനം നിർവഹിച്ചു. തെരുവോരങ്ങളുടെ ശുചിത്വത്തിനും സൗന്ദര്യവൽക്കരണത്തിനും വ്യാപാരി സമൂഹത്തിന് ക്രിയാത്മക സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് മേയർ പറഞ്ഞു. വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യം നൽകുന്ന മലയാളികൾ മാലിന്യ സംസ്കരണത്തിന് മതിയായ പ്രാധാന്യം നൽകത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും, നഗരവൽക്കരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി മാലിന്യ സംസ്കരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു പ്രധാന ടൗൺ മേഖല ശുചിത്വം, മാലിന്യസംസ്കരണം, പൊതു സൗകര്യങ്ങൾ, ഹരിതവൽക്കരണം, ജനപങ്കാളിത്തം, സുസ്ഥിരപരിപാലനം എന്നിവയിൽ മാതൃകാപരമായ നിലവാരം കൈവരിച്ച് ബീക്കൺ ടൗൺ ആയി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഒന്നാം ഘട്ടം ആഗസ്ത് 15 മുതൽ ഒക്ടോബർ 2 വരെയും, രണ്ടാം ഘട്ടം ഒക്ടോബർ 3 മുതൽ 2027 മാർച്ച് 31 വരെയും ആയിരിക്കും നടപ്പിലാക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ ഗാന്ധി സർക്കിൾ ആണ് ബീക്കൺ ടൗൺ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ലോഗോ പ്രകാശനവും മേയർ നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ സ്വാഗതം ആശംസിച്ചു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഐ.എ.എസ്., സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, വി.കെ. മുഹമ്മദലി, അഡ്വ. സോന ജയറാം, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, അഡീഷണൽ കോർപ്പറേഷൻ സെക്രട്ടറി ബിജുമോൻ ജേക്കബ്, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി. എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, വ്യാപാരി-തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.







