റെയിൽവേ പിഴത്തുക വർധിപ്പിച്ചു; മലബാറിൽ നിയമലംഘന കേസുകൾ കുറഞ്ഞു

Screenshot
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങൾക്കുള്ള പിഴസംഖ്യ രണ്ടും മൂന്നും ഇരട്ടിയായി കൂട്ടിയതോടെ കേസുകൾ നാലിലൊന്നായി കുറഞ്ഞു. കോഴിക്കോട്ടെ ഓണററി സ്പെഷ്യൽ സെക്കൻഡ് ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് കോടതിയിലെ കേസുകളാണ് ഒന്നരമാസത്തിനിടെ നാലിലൊന്നായി കുറഞ്ഞത്. ഈ വർഷം ജനുവരിമുതൽ ജൂൺവരെയുള്ള കാലയളവിൽ 1008 മുതൽ 1610 വരെ കേസുകൾ കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.
ജൂലായ് ഒന്നുമുതലാണ് പിഴസംഖ്യ വർധിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലായത്. അതോടെ ആ മാസത്തിൽ ഇത് 446 കേസുകളായി ചുരുങ്ങി. കോടതിയിൽ പ്രതിദിനമെത്തുന്ന കേസുകൾ നാലിലൊന്നായും കുറഞ്ഞു. ജനുവരിമുതൽ ജൂലായ്‌വരെ നേരത്തേ പ്രതിദിനം 80 കേസുകൾ വന്നിരുന്നത് ജൂലായിൽ 20 എണ്ണമായാണ് കുറഞ്ഞത്.
ഈ കോടതിക്കുപുറമേ പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നടക്കുന്ന പ്രത്യേക ക്യാമ്പ് സിറ്റിങ്ങുകളിലും നിയമലംഘനക്കേസുകൾ പരിഗണിക്കാറുണ്ട്. ഇവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വടകര, കണ്ണൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങുകളിൽ നേരത്തേ നൂറിലേറെ കേസുകൾ പരിഗണനയ്ക്കെത്തിയിരുന്ന സ്ഥാനത്ത് ജൂലായ് മുതലെത്തുന്നത് 10-20 കേസുകൾ മാത്രമാണ്.
ഓഗസ്റ്റ് പകുതി പിന്നിട്ടപ്പോഴും കേസുകൾ കുറഞ്ഞിട്ടുണ്ട്. ഈ മാസം 18 വരെ പ്രതിദിനം 10-15 കേസുകൾ മാത്രമാണ് റെയിൽവേ കോടതിയിലെത്തിയത്. മലബാർമേഖലയിൽ താനൂർമുതൽ മഞ്ചേശ്വരംവരെയുള്ള സ്റ്റേഷനുകളിലെ നിയമലംഘനക്കേസുകളുമായി ബന്ധപ്പെട്ട നടപടികളാണ് കോടതി കൈകാര്യംചെയ്യുന്നത്. കോഴിക്കോട് സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് മലബാർ മേഖലയ്ക്കായി രൂപവത്കൃതമായ കോടതി പ്രവർത്തിക്കുന്നത്.
ടിക്കറ്റില്ലാതെ യാത്രചെയ്യുക, റിസർവേഷൻ കമ്പാർട്ടുമെൻറുകളിൽ മതിയായ ടിക്കറ്റുകളില്ലാതെ യാത്രചെയ്യുക, റെയിൽപ്പാളം മുറിച്ചുകടക്കുക, വനിതാ കമ്പാർട്ടുമെന്റിൽ കയറുക, കമ്പാർട്ട്‌മെന്റിൽ അക്രമാസക്തമായി പെരുമാറുക, അംഗപരിമിതരുടെ കോച്ചുകളിൽ അനുമതിയില്ലാതെ യാത്രചെയ്യുക, ട്രെയിനിലെ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്യുക എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കുള്ള പിഴയാണ് ഇരട്ടിയും രണ്ടിരട്ടിയുമായി റെയിൽവേ വർധിപ്പിച്ചത്. ടിക്കറ്റില്ലായാത്രയുടെ പിഴ മാത്രം 250 രൂപയിൽനിന്ന് 500 രൂപയായാണ് ഉയർത്തിയത്.







