സമാന്തര മേഖലയിലെ വിദ്യാർത്ഥികളോട് സർവ്വകലാശാലയ്ക്ക് കടുത്ത അവഗണന: പാരലൽ കോളേജ് അസോസിയേഷൻ

കണ്ണൂർ: സമാന്തര മേഖലയിലെ വിദ്യാർത്ഥികളെ സർവ്വകലാശാല അവഗണിക്കുന്നുവെന്ന് കണ്ണൂർ ജില്ലാ പാരലൽ കോളേജ് അസോസിയേഷൻ. അധ്യയന വർഷം ഏതാണ്ട് കഴിഞ്ഞിട്ടും കണ്ണൂർ സർവ്വകലാശാല ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താനുള്ള ശ്രമങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് അസോസിയേഷൻ പറഞ്ഞു. റെഗുലർ മേഖലയിലെ വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചിട്ടും അതേ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രൈവറ്റായി പഠിക്കുന്ന 1,500 വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി പരീക്ഷകൾ നടത്താത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നും ഇതേ നിലപാട് തുടരുന്ന പക്ഷം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അണി നിരത്തി വലിയ പ്രക്ഷോഭം നടത്തുമെന്നും പാരലൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
‘പരീക്ഷ നടത്താതിരിക്കാൻ കാരണമായി യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത് കെ-റീപ്പ്
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല എന്നാണ്. രണ്ടു മാസം മുമ്പ് യൂണിവേഴ്സിറ്റിയെ സമീപിച്ചപ്പോൾ നടപടികൾ ആരംഭിച്ചു എന്നാണ് അധികാരികൾ ഉറപ്പുനൽകിയത്. ഒന്നാം
സെമസ്റ്റർ പരീക്ഷ കഴിയാത്തത് കൊണ്ട് രണ്ടാം സെമസ്റ്ററിന്റെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജൂൺ മാസം രണ്ടാം വർഷ ക്ലാസ് തുടങ്ങുമ്പോൾ ഒന്നാം സെമസ്റ്റർ പരീക്ഷ പോലും കഴിയാതെ രണ്ടും, മൂന്നും, നാലും സെമസ്റ്റർ എങ്ങനെ പഠിക്കും എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസും ഉൾപ്പെടെ ഒരു വിദ്യാർത്ഥി പതിനാറായിരത്തിൽ പരം രൂപ യൂണിവേഴ്സിറ്റിക്ക് ഫീസിനത്തിൽ അടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ട കോൺടാക്ട് ക്ലാസോ സ്റ്റഡിമെറ്റീരിയലോ നൽകുന്നുമില്ല. ഓരോ സെമസ്റ്റർ പരീക്ഷ കഴിയുമ്പോഴും ഫലപ്രഖ്യാപനം അനന്തമായി നീളുന്നതും വിദ്യാർഥികളുടെ തുടർപഠനത്തിന് വലിയ ഭീഷണിയാകുന്നുണ്ട്. മുപ്പത്തി അഞ്ചായിരത്തിൽപരം വിദ്യാർഥികൾ പ്രൈവറ്റായി പഠിച്ച കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ കേവലം 1,500ൽ- താഴെ മാത്രമാണ് വിദ്യാർഥികൾ ഉള്ളത്. സർക്കാർ ഏറെ കൊട്ടിഘോഷിച്ചു ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്ഥിതിയും അവതാളത്തിലാണ്. ശ്രീനാരായണയിൽ പ്രവേശനം നേടിയ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ സിലബസ് പോലും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷകൾ എന്ന് നടക്കും എന്ന് യാതൊരു ഉറപ്പുമില്ല. കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ വേണ്ടി ആരംഭിച്ച യൂണിവേഴ്സിറ്റിയുടെ അവസ്ഥയും ഇതാണ് – അസോസിയേഷൻ പറയുന്നു.
ഉത്തര മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ സ്ഥാപിച്ച കണ്ണൂർ യൂണിവേഴ്സിറ്റി, വിദ്യാർത്ഥികളുടെ കണ്ണീർ യൂണിവേഴ്സിറ്റി ആയി മാറിയിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായും പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പാരലൽ കോളേജ് അസോസിയേഷൻ മുന്നറിയിപ്പു നൽകി. പത്രസമ്മേളനത്തിൽ കെ.എൻ രാധാകൃഷ്ണ മാസ്റ്റർ (പ്രസിഡന്റ്, പാരലൽ കോളേജ് അസോസിയേഷൻ), അനിൽകുമാർ (രക്ഷാധികാരി), എൻ.വി പ്രസാദ് (വൈസ് പ്രസിഡന്റ്, കെ പ്രകാശൻ (ട്രഷറർ) എന്നിവർ പങ്കെടുത്തു.