കണ്ണൂർ നഗരത്തിന് പുതിയ മുഖച്ഛായ; കോർപ്പറേഷന്റെ നഗരസൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം ശനിയാഴ്ച മന്ത്രി കെ.എം ഷാജി നിർവഹിക്കും

Screenshot
കണ്ണൂർ: കണ്ണൂർ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മുനിസിപ്പൽ കോർപ്പറേഷന്റെ നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഒന്നാം ഘട്ടം നാടിന് സമർപ്പിക്കുന്നു. ഓഗസ്റ്റ് 15-ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.പി താഹിർ സ്വാഗതം പറയും. കെ. സുധാകരൻ എം.പി, അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
നഗരത്തിന് തിലകക്കുറിയായി പുതിയ ക്ലോക്ക് ടവർ
സൗന്ദര്യവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും ഒരുമിച്ച് പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിയുടെ പ്രധാന ആകർഷണം 13 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ക്ലോക്ക് ടവറാണ്. നാല് ദിശകളിലേക്കും സമയം കാണാൻ കഴിയുന്ന രീതിയിൽ സാറ്റലൈറ്റുമായി ബന്ധിപ്പിച്ച ജി.പി.എസ് ക്ലോക്കാണ് ഇതിൽ സ്ഥാപിച്ചിട്ടുള്ളത്. ഓരോ മണിക്കൂറിലും സമയം അറിയിക്കുന്ന ശബ്ദ സംവിധാനവുമുണ്ട്. അഞ്ച് വർഷത്തെ പരിപാലന കരാറോടെയാണ് (AMC) ഇത് സ്ഥാപിച്ചിരിക്കുന്നത്.
കാൽനടയാത്രക്കാർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിത പാത
ഗാന്ധി സർക്കിൾ മുതൽ പാമ്പൻ മാധവൻ റോഡിന് മുൻവശം വരെയുള്ള ഒന്നാം ഘട്ടത്തിൽ ഏകദേശം 500 മീറ്റർ നീളത്തിലും 1.80 മീറ്റർ വീതിയിലും മികച്ച കാൽനടപ്പാതയൊരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവർക്ക് സുരക്ഷിതമായി നടക്കാൻ പാതയുടെ മധ്യഭാഗത്ത് രണ്ട് വരി ടാക്ടൈൽ ടൈലുകൾ പാകി. ഒപ്പം ആവശ്യമായ ഇടങ്ങളിൽ റാമ്പുകളും ഇരുവശങ്ങളിലും മധ്യത്തിലുമായി കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി മികച്ച സ്ട്രീറ്റ് ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
2022-2023 വാർഷിക പദ്ധതി വികസന ഫണ്ടിൽ നിന്നുൾപ്പെടെ തുക വകയിരുത്തി 2.45 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. 2025 ഒക്ടോബറിൽ ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ ജോലികൾക്കും ക്ലോക്ക് സ്ഥാപിക്കുന്നതിനുമായി പ്രത്യേകം കരാറുകൾ നൽകിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
രണ്ടാം ഘട്ടമായ കണ്ണൂര്‍ പ്ലാസ റോഡ് മുതൽ പ്രഭാത് ജംഗ്ഷൻ വരെയുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണെന്ന് മേയർ അറിയിച്ചു. പത്രസമ്മേളനത്തിൽ മേയർ അഡ്വ. പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, വി.കെ മുഹമ്മദലി, സോന ജയറാം എന്നിവർ പങ്കെടുത്തു.







