ഹോട്ടൽ മാലിന്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യവും; പന്നിഫാമിലേക്ക് മാലിന്യം കടത്തിയ ലോറി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി

ചിറ്റാരിപ്പറമ്പ്: തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണ മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും അനധികൃതമായി കടത്തുകയായിരുന്ന ലോറി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ചിറ്റാരിപ്പറമ്പ് ഹെൽത്ത് സെൻറർ വാർഡിൽ പ്രവർത്തിക്കുന്ന പന്നി ഫാമിലേക്ക് മാലിന്യവുമായി എത്തിയ കെ.എൽ 09 എ.പി 0912 എന്ന ലോറിയാണ് രാവിലെ ഏഴുമണിയോടെ സ്ക്വാഡിന്റെ പിടിയിലായത്. ഭക്ഷണ മാലിന്യങ്ങൾക്കൊപ്പം പ്രത്യേകം കവറുകളിലായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നത്.
അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനം കണ്ടുകെട്ടാൻ കേരള പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 219 (യു) പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. ഇതിന് പുറമെ, ഫാമിൽ പരിശോധന നടത്തിയപ്പോൾ സ്ഥാപനത്തിന് ചുറ്റും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 219 ഐ പ്രകാരം 5000 രൂപ പിഴ ചുമത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
ജൈവ മാലിന്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടെ പന്നിഫാമുകൾക്കോ മറ്റ് ഏജൻസികൾക്കോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സ്ക്വാഡ് മുന്നറിയിപ്പ് നൽകി. സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പ്രവീൺ പി.എസ്, ഷാലിഖ് എ. എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.







