മലബാർ കൈപ്പാട് ഫെസ്റ്റ്-2026 ജൂലൈ 19 ന് തുടക്കമാകും

പഴയങ്ങാടി:മലബാർ കൈപ്പാട് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയും മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക രംഗത്തെ നൂതന ആശയമായ മലബാർ കൈപ്പാട് ഫെസ്റ്റ് ജൂലൈ 19 മുതൽ 21 വരെ ഏഴോം കൈപ്പാട് പ്രദേശത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം വിജിൻ എം എൽ എ, കണ്ണൂർ ജില്ലാ കളക്ടർ പി വിഷ്ണുരാജ് ഐ പി എസ്, സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി, എഴോം പഞ്ചായത്ത് പ്രസിഡന്റ് കെ എൻ ഗീത എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രത്യേക ആവാസ വ്യവസ്ഥയും, പ്രത്യേക കൃഷിരീതികളും ഉള്ള കൈപ്പാട് കൃഷി ഭൂമിയെ അറിയാത്തവർക്കും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, അതുവഴി ഭാവിയിലെ കൈപ്പാട്കൃഷി വ്യാപനവുമാണ് ലക്ഷ്യമിടുന്നത്. മൂന്ന് ജില്ലകളിലായി 3840 ഹെക്ടറോളം സ്ഥലത്തായി 52 ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള കർഷകർ ഫെസ്റ്റിൽ പങ്കെടുക്കും. ഇനി വർഷാവർഷങ്ങളിൽ മലബാറിലെ കൈപ്പാട് പ്രദേശങ്ങളിൽ മലബാർ കൈപ്പാട് ഫെസ്റ്റ് സംഘടിക്കും.സാധാരണ ഫെസ്റ്റുകളിൽ നിന്നും വ്യത്യസ്‌തമായി ഇത് കൃഷി സ്ഥലത്തിന്റെ ഓരത്തു വച്ചാണ് സംഘടിപ്പിക്കുന്നത്. മണ്ണിനെയും പ്രകൃതിയെയും അടുത്തറിയുക, സുരക്ഷിതവും പോഷണ സംപുഷ്ടവുമായ ഭക്ഷണം നൽകുന്ന, വലിയ ജലസംഭരണിയായ, ജൈവവൈവിധ്യതയുടെ കലവറയായ കൈപ്പാടിന്റെ ആവാസവ്യവസ്ഥ കോട്ടംതട്ടാതെ സംരക്ഷിച്ചു, വരും തലമുറയ്ക്ക് കൈമാറുക എന്നീ വിശാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രസ്തുത ഫെസ്റ്റ് ആസൂത്രണം ചെയ്തത്. കൈപ്പാടിന്റെ ആവാസവ്യവസ്ഥ, കൈപ്പാട് കൃഷിരീതികൾ കൈപ്പാട് മൽസ്യങ്ങൾ എന്നിവയെ കുറിച്ച് പരിശീലനം, കൃഷി സ്ഥലത്തുവച്ചു തന്നെ കൈപ്പാടിൽ ഇറങ്ങി പരിശീലനം നൽകും. ഒപ്പം കൈപ്പാട് യന്ത്രവൽക്കരണ പരീക്ഷണ ട്രയലുകളും നടക്കും. പരിശീലനങ്ങൾക്കൊപ്പം പ്രകൃതി രമണീയമായ കാർഷിക കാഴ്ചകൾ കാണുന്നതിനും, തോണിയാത്രയും,ചളിക്കളിയും ആസ്വദിക്കാം. പ്രകൃതി ചിത്രരചന മത്സരവും, സ്വയം പ്രതിരോധ പരിശീലനവും, നറുക്കെടുപ്പിലൂടെ കൈപ്പാട് കിറ്റ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. രുചിയേറിയ കൈപ്പാട് കഞ്ഞിയും മറ്റ് വിഭവങ്ങളും രുചിക്കുവാനുള്ള സംവിധാനവും ഉണ്ട്. കൈപ്പാട് വിഭവങ്ങൾ കൈനിറയെ വാങ്ങുവാനുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ക്കും മുൻകൂർ രജിസ്ട്രേഷനും 8289917524 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വാർത്താ സമ്മേളനത്തിൽ മലബാർ കൈപ്പാട് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി. ഗോവിന്ദൻ, ടി വനജ റിട്ട. പ്രൊഫസർ ആൻഡ് അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്, കേരള കാർഷിക സർവകലാശാല, ചീഫ് അഡ്വൈസർ മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി,മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി എം കെ സുകുമാരൻ,മലബാർ കൈപ്പാട് ഫാർമേർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ വി വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു







