ചികിത്സാ പിഴവ്: കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Screenshot
പയ്യന്നൂർ: ചികിത്സാ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പയ്യന്നൂർ എരമത്തെ ദേവാൻഷ് ശൗര്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ അലംഭാവം ഉണ്ടായതായി വ്യക്തമാക്കി.
സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മിഷൻ, ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ചോദ്യം ചെയ്യലിന് ഹാജരാകാതെ അനസ്‌തേഷ്യ ഡോക്ടർ:
കുട്ടിക്ക് അനസ്‌തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചോദ്യംചെയ്യലിന് ഇവർ ഹാജരായിട്ടില്ല. അതേസമയം കുഞ്ഞിന്റെ ചികിത്സയിൽ ഭാഗഭാക്കായ മറ്റ് ഡോക്ടർമാരുടെ മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തി.
പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരാണ് മൊഴി നൽകിയത്. തങ്ങളുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും, കുഞ്ഞിന്റെ പരിക്കിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അനസ്‌തേഷ്യ കൂടാതെ സ്റ്റിച്ചിടൽ സാധ്യമല്ലായിരുന്നുവെന്നുമാണ് ഇരുവരുടെയും വാദം.
കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. വെള്ളിയാഴ്ച ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പൊലീസ് കടക്കുക.







