July 15, 2025

അധികാരികള്‍ ദുരന്തം ക്ഷണിച്ചുവരുത്തരുത്: അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്

img_7232-1.jpg

കണ്ണൂര്‍: അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണത്തിലൂടെ ദുരന്തം ക്ഷണിച്ചു വരുത്തുന്ന അവസ്ഥയാണ് പലയിടങ്ങളിലുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. തളിപ്പറമ്പ് കുപ്പത്തു മാത്രമല്ല, ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ജില്ലയിലെ പലയിടങ്ങളിലും സമാനമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഏതു നിമിഷവും തകര്‍ന്നു വീഴാന്‍ പാകത്തില്‍ മണ്‍കൂനകള്‍ നില്‍ക്കുകയാണ്. റോഡുകളിലാണെങ്കില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുന്നു. റോഡേത്, കുഴിയേതെന്നറിയാത്ത അവസ്ഥയില്‍ ദേശീയപതായിലൂടെ ജീവന്‍ പണയം വെച്ചാണ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്. കര്‍ണാടകയിലെ ഷിരൂര്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ മനസില്‍ വെച്ചെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണം. അശാസ്ത്രീയമായ മണ്ണെടുപ്പിന്റേയും റോഡ് നിര്‍മ്മാണ രീതിയുടേയും അപകടം ജനപ്രതിനിധകളടക്കം മുന്‍കൂട്ടി അറിയിച്ചിട്ടും വളരെ നിരുത്തരകവാദപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുമുണ്ടായത്. ദേശീയപാതയുടെ നിര്‍മ്മാണത്തിന് കൃത്യമായ നിരീക്ഷണം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. കുപ്പത്തൊക്കെ ഇപ്പോള്‍ സംഭവിച്ചത് ആരുടെ ഭാഗത്തു നിന്നു സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കണം. ദേശീയപാത 66ന്റെ ഇതേവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കൃത്യമായ ഓഡിറ്റംഗിനു വിധേയമാക്കണം. കുപ്പം പ്രദേശത്ത് നിരവധി വീടുകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. മണ്ണിടിച്ചിലില്‍ വന്‍ദുരന്തമൊഴിവാക്കാന്‍ കൃത്യമായ മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger