സ്കൂട്ടറിലെത്തി കത്തികാണിച്ച് ഭീഷണപ്പെടുത്തി യുവതിയുടെ മാല കവർന്നയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി മയ്യിൽ പോലീസ്

മയ്യിൽ: സ്കൂട്ടറിലെത്തി കത്തികാണിച്ച് യുവതിയുടെ കഴുത്തിലണിഞ്ഞ നാല് പവൻ്റെ മാല കവർന്ന മോഷ്ടാവ് പിടിയിൽ.ചേലേരിയിലെ കെ. സനീഷിനെ (35)യാണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 6.10 മണിയോടെയാണ് സംഭവം. ചേലേരിയിൽ ബേക്കറി ഷോപ്പ് നടത്തുന്ന പ്രകാശൻ്റെ ഭാര്യ തേത്തോത്ത് വീട്ടിൽ ദീപ്തി പ്രകാശൻ്റെ (42) നാല് പവൻ്റെ മാലയാണ് കവർന്നത്. ബേക്കറിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്കു നടന്നു പോകവെ ചേലേരി കനാൽ റോഡിന് സമീപം വെച്ച് കെ.എൽ. 59.പി.6279 നമ്പർ ചുകന്ന സ്കൂട്ടറിൽ ഹെൽമെറ്റും മഴക്കോട്ടും ധരിച്ചെത്തിയ പ്രതി കത്തി കൊണ്ട് യുവതിയെ ആക്രമിച്ച് കഴുത്തിൽ ധരിച്ചിരുന്ന നാല് പവൻ്റെ മാല പൊട്ടിക്കുകയും പിടിവലിയിൽ അരപ്പവൻ തൂക്കം വരുന്ന ഭാഗം കവർച്ച ചെയ്തു സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് യുവതിമയ്യിൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ്ചുകന്ന സ്കൂട്ടറിലെത്തിയ മോഷ്ടാവിനെ കുറിച്ച് യുവതി നൽകിയചില സൂചനകൾ വെച്ച് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ മയ്യിൽ പോലീസ് പിടികൂടുകയായിരുന്നു.