മഴയിൽ വ്യാപക നാശം

തലശ്ശേരി :ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി തലശ്ശേരിയിലെ വിവിധ പ്രദേശങ്ങൾ. റെയിൽവേ സ്റ്റേഷൻ ഗുഡ്‌ഷെഡ് റോഡിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങി യാത്രക്കാരും വാഹനങ്ങളും. തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ റെയിൽവേയുടെ പ്രവേശന ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായത്. രാത്രിയിൽ പലർക്കും വെള്ളക്കെട്ട് തിരിച്ചറിയാൻ കഴിയാതെ ഇവിടെ കുടുങ്ങി. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകൾക്ക് ഉൾവശത്തും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. സമീപത്തെ കടകളിലും മൂന്ന് വീടുകളിലും വെള്ളം കയറി. പുന്നവില്ലയിൽ അലി, സാഹിറ മൻസിലിൽ ഹാഷിം, എം.കെ. ഹൗസിൽ ഷാനിദ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചേറ്റംകുന്ന്് കുറുവാങ്കണ്ടി സലീമിന്റെ വീടിന്റെ മതിൽ തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ തകർന്നു. ചേറ്റംകുന്ന് ബ്രെറ്റ് സ്‌കൂൾ പരിസരം, കെഎസ്ആർടിസി പരിസരം എന്നിവിടങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായി.
മുഴപ്പിലങ്ങാട് : തിങ്കളാഴ്ച വൈകീട്ടു മുതൽ ആരംഭിച്ച മഴ തീരപ്രദേശത്തുകാരെ തീരാദുരിതത്തിലാക്കി. മുഴപ്പിലങ്ങാട്, എടക്കാട് തീരപ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ബീച്ചിന് സമീപം താമസിക്കുന്ന സരസു, അജിത എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീട് അപകടാവസ്ഥയിലാണ്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണെന്നും അധികാരികളുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.
റോഡിന് സമാന്തരമായി ഓവുചാൽ നിർമിച്ച് വെള്ളം കടലിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ദേശീയപാത 66-ലെ പ്രധാന പാതയിൽനിന്ന് താഴെ സർവീസ് റോഡിലേക്ക് പൈപ്പിട്ട് നൽകിയത് സർവീസ് റോഡ് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.