കാറിൽ എം.ഡി.എം.എ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ രണ്ട് പേർ പിടിയിൽ

പഴയങ്ങാടി: കണ്ണൂർ റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ഡാൻസാഫ് (DANSAF) ടീം സജീവമാക്കിയ ‘ഓപ്പറേഷൻ തൂഫാനി’ന്റെ ഭാഗമായി പഴയങ്ങാടിയിൽ നടത്തിയ ലഹരിവേട്ടയിൽ രണ്ട് പേർ അറസ്റ്റിലായി. വിൽപ്പനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 4.6 ഗ്രാം എം.ഡി.എം.എയുമായാണ് രണ്ട് ഏഴോം സ്വദേശികൾ പിടിയിലായത്.
ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മൻസിലിൽ സി.ടി. നൗഫൽ (47), ഏഴോം മൂലയിലെ ആയിക്കാരകത്ത് വീട്ടിൽ എ. സഹദ് മുഹമ്മദ് (28) എന്നിവരെയാണ് ഡാൻസാഫ് ടീമും പഴയങ്ങാടി പോലീസും ചേർന്ന് അതിവിദഗ്ധമായി പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.30-ഓടെ മൂസക്കാൻ പള്ളി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചായിരുന്നു പരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന കെ.എൽ-13 എ.ക്യു 5666 (KL-13 AQ 5666) എന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.







