‘പ്രകൃതിയാണ് ലഹരി’: ചാൽ ബീച്ചിലേക്ക് സൈക്കിൾസവാരി നടത്തി കുട്ടികൾ

ചാൽ ബീച്ച് : ‘പ്രകൃതിയാണ് ലഹരി’ എന്ന മുദ്രാവാക്യവുമായി കുട്ടികൾ വളപട്ടണം ഗ്രാമപ്പഞ്ചായത്ത് ലൈബ്രറിയിൽനിന്ന് ചാൽ ബീച്ചിലേക്ക് സൈക്കിളോടിച്ചു. ലൈബ്രറിയിലെ കുട്ടികളുടെ വേദിയായ ക്രിയേറ്റീവ് ഹോം സ്മാർട്ട് സമ്മർ ചലഞ്ചിന്റെ ഭാഗമായാണ് റൈഡ് സംഘടിപ്പിച്ചത്. അതിരാവിലെ തുടങ്ങിയ സൈക്കിൾ സവാരി അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ബി. ബുഷറത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ.ടി. മുഹമ്മദ് ശഹീർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ചാൽ ബീച്ചിലെത്തിയ സംഘാംഗങ്ങൾ റിട്ട. എൻഎസ്ജി കമാൻഡോ പി.വി. മനേഷുമായി സംവദിച്ചു. രക്ഷിതാക്കളും യാത്രയിൽ പങ്കുചേർന്നു. ക്രിയേറ്റീവ് ഹോം ബാലവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അയാൻ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഫാസ്, ഫാത്തിമ സെൻഹ, രാമനുണ്ണി, അമൻ എൽ. ബിനോയ്, വസീം ആബിദലി എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തംഗം പി.ജെ. പ്രജിത്ത്, സ്മാർട്ട് സമ്മർ മെന്റർ കൺവീനർ ആബിദലി മംഗല എന്നിവർ യാത്രയെ അനുഗമിച്ചു.