ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു; റെയിൽവെ ഭൂമി കൈമാറ്റത്തിനെതിരെ ബഹുജനപ്രക്ഷോഭം

കണ്ണൂർ
റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറി കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വികസനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെയും അഴീക്കൽ തുറമുഖത്തിന്റെയും ജില്ലയിലെ വ്യവസായ, വാണിജ്യസ്ഥാപനങ്ങളുടെയും സുഗമമായ വളർച്ചയ്ക്കും വികസനത്തിനും റെയിൽവെ സ്‌റ്റേഷന്റെ വികസനം അത്യാവശ്യമാണ്. ഏറ്റവും അധികം ആളുകൾ യാത്രചെയ്യുന്ന കണ്ണൂർ റെയിൽവെ സ്‌റ്റേഷൻ വരുമാനം നേടുന്ന കാര്യത്തിലും മുൻപന്തിയിലാണ്. വർധിച്ചു വരുന്ന തിരക്കിന് ആനുപാതികമായി റെയിൽവെ സ്‌റ്റേഷനിൽ നാലാം പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിലനിൽക്കെയാണ് റെയിൽവെ ഭൂമി സ്വകാര്യവ്യക്തികൾക്ക് കൈമാറുന്നത്. ഇതിനെതിരായി ജനങ്ങളെ ഒന്നടങ്കം അണിചേർത്ത് ബഹുജന പ്രക്ഷോഭം ഉയർത്തുന്നതിനാണ് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്.
ജില്ലാപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി അധ്യക്ഷയായി. സിപിഐ എം ജില്ലാ് സെക്രട്ടറി കെ കെ രാഗേഷ്, വി ശിവദാസൻ എംപി, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ , സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ സ്വാഗതം പറഞ്ഞു. കെ സുരേശന്‍, ഡോ. ജോസഫ് തോമസ്, കെ കെ ജയപ്രകാശ്, ഹമീദ് ചെങ്ങളായി, സി ധീരജ്, വി കെ ഗിരിജന്‍, എസ് എം കെ മുഹമ്മദലി, സന്തോഷ് മാവില, ഹംസ പുല്ലാറ്റില്‍, ഹാശിം അരിയിൽ കെ പി സലീം എന്നിവര്‍ പങ്കെടുത്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാനായി പി സന്തോഷ്‌കുമാർ എംപിയെയും കൺവീനറായി വി ശിവദാസൻ എംപിയെയും തെരഞ്ഞെടുത്തു. ടി കെ രമേഷ്‌കുമാർ, കെ പി സഹദേവൻ, സി പി സന്തോഷ്‌കുമാർ എന്നിവരെ വൈസ് ചെയർമാൻമാരായും കെ വി സുമേഷ് എംഎൽഎ, ബിനോയ് കുര്യൻ, എം പ്രകാശൻ, കെ അശോകൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.