ഇന്ത്യന്‍ സേനക്കുവേണ്ടി ശ്രീനിധി ബസുകളുടെ ധനസമാഹരണ ഓട്ടം.

പയ്യന്നൂർ.ഓപ്പറേഷൻ സിന്ദൂർ വിജയത്തിന് പിന്നാലെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഘട്ടത്തിൽഇന്ത്യന്‍ സേനക്കുവേണ്ടി ഇന്ന് ശ്രീനിധി ബസുകളുടെ ധനസമാഹരണ ഓട്ടം. ശ്രീനിധി ബസുകളുടെ ഇന്നത്തെ വരുമാനം ദേശീയ രാജ്യരക്ഷാ നിധിയിലേക്ക് കൈമാറും. ശ്രീനിധി ട്രാവൽസിൻ്റെ വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന 13 ബസുകളുടെ ഇന്നത്തെ വരുമാനമാണ് ഇന്ത്യന്‍ സായുധ സേനക്കായി മാറ്റിവെക്കുന്നത്.
രാജ്യരക്ഷാ നിധിയിലേക്കുള്ള ധനസമാഹരണത്തിനായുള്ള പയ്യന്നൂരില്‍ നിന്നുള്ള ബസ് സര്‍വീസ് ഇന്ന് രാവിലെ ടി.ഐ.മധുസൂദനന്‍ എംഎല്‍എ പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിൽഫ്‌ളാഗ് ഓഫ് ചെയ്തു. പിലാത്തറയില്‍ നിന്നുള്ള ബസ്
സര്‍വീസ് എം.വിജിന്‍ എംഎല്‍എയും വെള്ളോറയില്‍ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രനും ഫ്‌ളാഗ് ഓഫ് ചെയ്തു.
യുദ്ധഘട്ടത്തില്‍ ഇന്ത്യന്‍ സേനക്ക് കരുത്തുപകരേണ്ട പൗരബോധവും ഉത്തരവാദിത്വവും നമുക്കെണ്ടന്ന തിരിച്ചറിവിലാണ് ഇന്നത്തെ ബസ് സർവ്വീസ് വരുമാനം രാജ്യരക്ഷാ നിധിയിലേക്ക് നല്‍കാൻ തീരുമാനിച്ചതെന്ന് ശ്രീനിധി ബസുകളുടെ ഉടമയായ വെള്ളോറയിലെ സി.കെ.ഗംഗാധരന്‍ പറയുന്നു.
പയ്യന്നൂര്‍ -കണ്ണൂര്‍, ചെറുപുഴ-തളിപ്പറമ്പ്, കക്കറ- വെള്ളോറ എന്നീ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ശ്രീനിധി കമ്പനിയുടെ 13 ബസ് സര്‍വീസുകളുടെ ഇന്നത്തെ വരുമാനമാണ് ഇന്ത്യന്‍ സായുധ സേനക്കായി മാറ്റിവെച്ചത്. ഇതിനുള്ള തീരുമാനം ബസുടമ സ്വയം എടുത്തതാണെന്ന് പ്രോത്സാഹനവുമായി കൂടെയുള്ള സിപിഎം വെള്ളോറ ലോക്കല്‍ സെക്രട്ടറി കെ.സി.രാജന്‍ അറിയിച്ചു.