തദ്ദേശതിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിംഗ്: സംസ്ഥാനത്ത് 75.85% വോട്ടിംഗ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മികച്ച പോളിങ്ങോടെ പൂർത്തിയായി. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം, വോട്ടിംഗ് ശരാശരി 75.85 ശതമാനം ആയി. എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു.
വയനാട് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തുമ്പോൾ, ഏറ്റവും കുറവ് തൃശൂർ ജില്ലയിലാണ്. സംസ്ഥാനത്ത് നൂറിലേറെ ബൂത്തുകളിൽ ഇലക്ട്രോണിക് യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തെങ്കിലും അവയെല്ലാം പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. വലിയ അക്രമസംഭവങ്ങളോ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രണ്ടാം ഘട്ട പോളിങ്ങിൽ വടക്കൻ ജില്ലകളിൽ താരതമ്യേന ആവേശം കുറവായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ശരാശരിയോട് അടുത്ത നിലയിലാണ് ഇത്തവണത്തെ വോട്ടിംഗ്. കോഴിക്കോട്, തൃശൂർ, കണ്ണൂർ ഉൾപ്പെടെയുള്ള നഗര വാർഡുകളിൽ പ്രതീക്ഷിച്ച ഉയർന്ന പോളിംഗ് രേഖപ്പെടുത്താനായില്ല. തീരദേശ മേഖലകളിലും ഇത്തവണ കനത്ത വോട്ടിംഗ് ഉണ്ടായില്ല. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സമാനമായ പോളിംഗ് പാറ്റേൺ തന്നെ രേഖപ്പെടുത്തി.
