വലിയ വില കൊടുക്കണ്ട, കാണാം പുകവലിയുടെ ദൂഷ്യഫലങ്ങള്‍; ശ്രദ്ധേയമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പവലിയന്‍

രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പവലിയന്‍ ശ്രദ്ധേയമാകുന്നു. 30 സെക്കന്റുകൊണ്ട് ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കണ്ടെത്താന്‍ പവലിയനില്‍ സൗകര്യമുണ്ട്. പരിശോധനയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പൂജ്യമെന്ന് ഫലവും വന്നു. ഒപ്പമുണ്ടായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും പരിശോധിച്ചു. നിക്കോട്ടിന്റെ അളവ് പൂജ്യം. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ്, ആര്‍ എം ഒ ഡോ. എസ്.എം സരിന്‍ തുടങ്ങിയവരും പങ്കെടുത്തു. പുകവലിക്കാര്‍ക്കുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പവലിയനില്‍ ഇങ്ങനെയൊരു പരിശോധന ഒരുക്കിയത്. സ്ഥിരമായി പുകവലിച്ച് ക്യാന്‍സര്‍ ബാധിച്ച് മരിച്ച വ്യക്തിയുടെ ശ്വാസകോശം പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് സി പി ആര്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. മേളയുടെ ഭാഗമായി മെഡിക്കല്‍ എക്സിബിഷനും നടക്കുന്നുണ്ട്. കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എയും പവലിയന്‍ സന്ദര്‍ശിച്ചു.