ഇരിട്ടിയിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

ഇരിട്ടി: പായം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി ഉയർന്നു. പഞ്ചായത്ത് 18-ാം വാർഡ് മലപ്പൊട്ട് സ്ഥാനാർഥി ത്രേസ്യാമ്മ നടുവിൽ പുരയിടത്തിനടുത്ത് കുന്നോത്ത് കല്ലന്മാരി മുക്കിൽ സ്ഥാപിച്ച ബോർഡും, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷൻ സ്ഥാനാർത്ഥി മിനി പ്രസിദിന്റെ മാടത്തിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്ഥാപിച്ച ബോർഡും, ഉദയഗിരി വാർഡ് സ്ഥാനാർത്ഥി ലില്ലി തോമസിന്റെ കല്ലന്മാരിമുക്കിൽ സ്ഥാപിച്ച ബോർഡും നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
വ്യാപകമായി ബോർഡുകൾ നശിപ്പിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പോലീസ് നീതിപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
യുഡിഎഫ് പ്രതിഷേധ യോഗത്തിൽ ചെയർമാൻ മട്ടിണി വിജയൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.സി. പോക്കർ, ഡെന്നീസ് മാണി, ബഷീർ മന്ദംമ്പത്ത്, വി. ബാലകൃഷ്ണൻ, ബിജു കരിമാക്കി, ബൈജു ആറാംഞ്ചേരി എന്നിവർ പ്രസംഗിച്ചു.






