July 13, 2025

ആദ്യരാത്രിയിൽ നവവധുവിൻ്റെ 30 പവൻ മോഷണം ; പ്രതി പിടിയിൽ

img_6870-1.jpg

പയ്യന്നൂര്‍: കരിവെള്ളൂരിലെ നവവധുവിന്റെ 30 പവന്റെ ആഭരണങ്ങള്‍ കവർന്ന പ്രതി പിടിയിൽ. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി എ.കെ.വിപിനി (46) യെയാണ് എസ്. ഐ. പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്.
ദിവസങ്ങൾക്കു ശേഷം വീടിന് സമീപം ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് മോഷ്ടാവ് പിടിയിലായത്.

എസ്.ഐ.പി. യദുകൃഷ്ണനും സംഘവും യുവതിയുടെ ഭർത്താവിൻ്റെ കരിവെള്ളൂരിലെ വീട്ടിലെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിപ്പിച്ചു ഇവരെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മോഷ്ടാവിനെ കുറിച്ച് വ്യക്തതവന്നത്. തിരുവനന്തപുരത്തും കൊല്ലത്തും പോയ പോലീസ് സംഘം തിരിച്ചെത്തിയതോടെ മോഷ്ടാവ് മിനിയാന്ന് രാത്രിയിൽ ആഭരണങ്ങൾ വീടിന് സമീപം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നിരവധി ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്.

മെയ് ഒന്നിനു വൈകുന്നേരം 6 മണിക്കും രണ്ടാം തീയതിക്കുമിടയിലാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്.സുധി യുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷണം പോയത്. വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മൂന്ന് മാല 9 വളകൾ എന്നീ ആഭരണങ്ങളാണ് മോഷണം പോയത് . 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായുള്ള നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ഡോഗ്‌സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ കൊല്ലത്തെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത നാട്ടുകാരില്‍ പലരേയും പോലീസ് ചോദ്യം ചെയ്തിരുന്നു.തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് വീണ്ടും സംഭവസ്ഥലത്തെത്തിയപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ കവർ കണ്ടെത്തിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger