മരകച്ചവടക്കാരനെ കബളിപ്പിച്ച്പണം തട്ടിയെടുത്ത പ്രതി പിടിയിൽ
ഇരിട്ടി: പ്ലൈവുഡ് കമ്പനിയുടെ മാനേജരാണെന്ന് വിശ്വസിപ്പിച്ച് ഫോൺ മുഖാന്തിരം ഇടപാട് നടത്തി റബ്ബർ മരം കടത്തി കൊണ്ടുപോയി പണം നൽകാതെ വഞ്ചിച്ച പ്രതി പിടിയിൽ . പയ്യന്നൂർ കാങ്കോൽ ആലക്കാട് സ്വദേശി തളിയിൽ വീട്ടിൽ ടി. വി.ഗണേശനെ (47) യാണ് ഇരിട്ടി എസ് .ഐ.കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിൽ ഇരിട്ടി ഡിവൈ എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ബിജോയ്, ജയദേവൻ, രതീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്ന് പുലർച്ചെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.
ഇരിട്ടി കോളിക്കടവിലെ എം.ആർ. അനിൽകുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. 2025 സപ്തംബർ 12 നും 19നുമിടയിലാണ് മുസ്തഫ എന്ന പേര് പറഞ്ഞ്ഫോൺ മുഖാന്തിരം പ്രതിമംഗലാപുരത്തുള്ള എം.കെ.വിനീർ പ്ലൈവുഡ് കമ്പനിയുടെ മാനേജരാണെന്ന് വിശ്വസിപ്പിച്ച് മരകച്ചവടക്കാരനായ പരാതിക്കാരനിൽ നിന്നും 16.610 ടൺ റബ്ബർ മരം 1,66,000 രൂപ വില പറഞ്ഞ് ഉറപ്പിച്ച് എം.കെ വിനീർ കമ്പനിയിൽ എത്തിക്കുകയും മരത്തിന് കമ്പനിയിൽ നിന്നും ലഭിക്കേണ്ടതുക പ്രതി തട്ടിയെടുത്ത് പരാതിക്കാരന് നൽകാതെ വഞ്ചിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കിയ ഇയാൾ മുങ്ങുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ ചെന്നൈയിലേക്ക് കടന്ന പ്രതിയെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. സമാനമായ രീതിയിൽ പ്രതി കാസറഗോഡും ചെറുപുഴയിലും മറ്റു ജില്ലകളിലും തട്ടിപ്പു നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
