ക്ലായിക്കോട് മുച്ചിലോട്ടു പെരുങ്കളിയാട്ടം ഏല്പിക്കൽ ചടങ്ങ് നടന്നു.
ചെറുവത്തൂർ.നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെരുങ്കളിയാട്ടത്തിന്റെ നിറവിലേക്ക് ക്ലായിക്കോട് മുച്ചിലോട്ട്..ഫെബ്രുവരി ആദ്യവാരം നടക്കുന്ന ക്ലായിക്കോട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ക്ഷേത്രചടങ്ങുകൾക്ക് തുടക്കം കുറിച്ച് കളിയാട്ടമേൽപ്പിക്കൽ നടന്നു. മുച്ചിലോട്ടു പെരുങ്കളിയാട്ടച്ചടങ്ങുകൾക്കു കളിയാട്ടമേൽപ്പിക്കലോടെയാണ് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.
അരങ്ങിൽ അടിയന്തിരത്തോടെ പട്ടുടുത്ത് തിരുവായുധമേന്തിയ മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേവതമാരുടെയും പ്രതിപുരുഷന്മാർ മുൻകൂട്ടി നിശ്ചയച്ച പ്രകാരം രാവിലെ 9.35 നും 10.07 നും ഇടയിലെ ശുഭമുഹൂർത്തത്തിൽ ക്ഷേത്രം മൂലഭണ്ഡാരം ക്ഷേത്രം കോയ്മ ചെറൂട്ടാര വീട്ടിൽ പത്മനാഭന് കൈമാറി. കുറവേതും കൂടാതെ തന്റെ ഓമനക്കല്യാണം കൊണ്ടുകൂട്ടണമെന്ന അനുഗ്രഹാശ്ശിസുകളോടെയാണ് മൂല ഭണ്ഡാരം കൈമാറിയത്.ഏറ്റുവാങ്ങിയ മൂലഭണ്ഡാരം കോയ്മ ആഘോഷ കമ്മിറ്റി ഭാരവാഹികളെ ഏൽപ്പിച്ചു.
ആദിമുച്ചിലോടായ കരിവെള്ളൂരിൽ നിന്നുൾപ്പടെ വിവിധ മുച്ചിലോടുകളിലെ ആചാരക്കാരും സ്ഥാനികരും, സമീപ ക്ഷേത്രങ്ങളിലെ ആചാരക്കാർ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും നാട്ടുകാരുമുൾപ്പടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി. തുടർന്ന് ക്ഷേത്രത്തിലെത്തിയ മുഴുവൻ ആളുകൾക്കും അന്നദാനവും നടന്നു.
പെരുങ്കളിയാട്ട വിജയത്തിനായി രക്ഷാധികാരി സംഗമവും സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 4 മുതൽ 7 വരെയാണ് പെരുങ്കളിയാട്ട മഹോത്സവം.
