പാനൂരിൽ നിരോധിത ഫ്ലക്സ് പിടികൂടി; പ്രിന്റിംഗ് സ്ഥാപനത്തിന് പതിനായിരം രൂപ പിഴ
പാനൂർ നഗരസഭ പരിധിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത ഫ്ലക്സ് പ്രിന്റുകൾ പിടിച്ചെടുത്തു. പാനൂർ ബസ്റ്റാൻഡിന് സമീപമുള്ള ക്രിയേറ്റീവ് ഡിസൈൻ ആൻഡ് പ്രിന്റ് സ്ഥാപനത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലാത്ത മെറ്റീരിയലുകളിൽ പ്രിൻറ് ചെയ്ത ബോർഡുകൾ കണ്ടെത്തിയത്.
മേറ്റീരിയൽ സർട്ടിഫിക്കറ്റ്, QR കോഡ്, സ്ഥാപനവിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടില്ലാത്ത പ്രിന്റുകളാണ് പിടിച്ചെടുത്തത്. തെരഞ്ഞടുപ്പ് കമ്മീഷൻ പോളി എത്തിലീൻ ബോർഡുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എന്നാൽ കോട്ടൺ ക്ലോത്ത് എന്ന് തെറ്റിദ്ധരിപ്പിച്ച് നിരോധിത ഉൽപ്പന്നങ്ങൾ പ്രിന്റിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതാണ് കണ്ടെത്തൽ.
സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
പരിശോധനയിൽ എൻഫോഴ്സ്മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ, പ്രവീൺ പി. എസ്., പാനൂർ നഗരസഭാ ക്ലീൻ സിറ്റി മാനേജർ ശശി വി., ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീക് അലി, വിസിയ എന്നിവർ പങ്കെടുത്തു.
